സിവിൽ എവിയേഷൻ അനുമതിയുമായി, സഊദിയിലേക്ക് നേരിട്ട് യാത്രക്കാരെ കൊണ്ട് വരാനൊരുങ്ങി വിമാന കമ്പനികൾ, നിലവിൽ ഇന്ത്യക്കാർക്ക് ഈ മാർഗ്ഗങ്ങൾ വഴി പ്രവേശിക്കാം

0
6923

റിയാദ്: സഊദിയിലേക്ക് ചില മാനദണ്ഡങ്ങളോടെ പ്രവേശനാനുമതി നൽകിയതിന് പിന്നാലെ വിമാന കമ്പനികൾക്ക് അനുമതി നൽകി സഊദി സിവിൽ എവിയേഷൻ സർക്കുലർ പുറത്തിറക്കി. സഊദിയില്‍നിന്ന് രണ്ട് ഡോസ് കൊവിഡ് വാക്‌സിനെടുത്തവര്‍ക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ട് തിരിച്ചെത്താന്‍ അനുമതി നൽകിയതായി സർക്കുലറിൽ അറിയിച്ചു. ഇതോടെ സഊദിയിലേക്ക് വിമാന കമ്പനികൾക്ക് സർവ്വീസുകൾ നടത്താൻ അനുമതിയായി. ഇതിനകം തന്നെ സെപ്റ്റംബർ മുതൽ സഊദിയിലേക്ക് ഈ വിഭാഗക്കാർക്ക് അനുമതി നൽകി സർവ്വീസുകൾ ആരംഭിക്കുമെന്ന് ഈജിപ്ത് എയർ അറിയിച്ചു.

എന്നാൽ, ഇന്ത്യൻ വിമാന കമ്പനികൾ ഇത് സംബന്ധമായി പ്രസ്താവനകൾ ഒന്നും തന്നെ പുറത്തിറക്കിയട്ടില്ല. ഉടൻ ഉണ്ടാകുമെന്നാണ് കരുതുന്നത്. നിലവിൽ ഇന്ത്യയിൽ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ വിലക്കിയിട്ടുള്ളതിനാല്‍ റെഗുലര്‍ സര്‍വീസുകളുണ്ടാകില്ല. സഊദിയും ഇന്ത്യയും തമ്മിൽ എയര്‍ ബബ്ള്‍ കരാറും നിലവിലില്ല. ഈ സാഹചര്യത്തിൽ നിലവിൽ സഊദിയിലേക്ക് ചില ട്രാവൽസ് ഏജൻസികൾ ആരോഗ്യ പ്രവർത്തക്കായി നടത്തുന്നത് പോലെയുള്ള ചാർട്ടഡ് വിമാന സർവ്വീസുകൾക്കാണ് സാധ്യത. ഇത്തരത്തിൽ നേരിട്ട് ഇന്ത്യയിൽ നിന്ന് വരാനാകുമെന്നാണ് ട്രാവൽസ് വൃത്തങ്ങൾ നൽകുന്ന വിവരം. എന്നാൽ, നിലവിൽ വളരെ ചുരുങ്ങിയ സർവ്വീസുകൾ മാത്രമാണ് ഇത്തരത്തിൽ ഉള്ളത്. തിരക്ക് വർധിക്കുന്നത്തോടെ കൂടുതൽ ചാർട്ടർ വിമാന സർവീസുകൾ ഉണ്ടാകും. ഇതിനകം തന്നെ ട്രാവൽസുകൾ ഇത്തരക്കാരുടെ വിവരങ്ങൾ ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. ഉടൻ സർവ്വീസുകൾ തയ്യാറാക്കുമെന്നാണ് ചാർട്ടർ വിമാനങ്ങൾ സജ്ജീകരിക്കുന്ന ഒരു ട്രാവാൽസ് അറിയിച്ചത്.

ജിസിസി രാജ്യങ്ങള്‍ വഴിയുള്ള കണക്ഷൻ വിമാന സർവ്വീസുകൾ വഴിയും പ്രവേശനം സാധ്യമാകുമെന്നും കരുതുന്നുണ്ട്. വിമാന. കമ്പനികൾക്ക് സിവിൽ എവിയേഷൻ അതോറിറ്റി നൽകിയ സർക്കുലർ പ്രകാരം സഊദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ എടുത്ത ആരെയും വിമാനത്തിൽ അനുവദിക്കാമെന്നതിനാൽ ഈ വഴിയുള്ള യാത്രയും സാധ്യമാകും. ട്രാൻസിറ്റ് വിസകൾ അനുവദിക്കുന്ന മറ്റു ജിസിസി രാജ്യങ്ങളിൽ കൂടിയെല്ലാം സഊദിയിലേക്ക് പ്രവേശനം സാധ്യമാകും. നിലവിൽ ചില ജിസിസി രാജ്യങ്ങൾ ട്രാൻസിറ്റ് വിസകൾ അനുവദിക്കുന്നുണ്ട് എന്നതും ഏറെ ആശ്വാസകരമാണ്. സഊദിയിലേക്കുള്ള യാത്രാ മാർഗ്ഗങ്ങൾ കൂടുന്നതോടെ വിമാന ടിക്കറ്റിലും ആശ്വാസമുണ്ടാകും. എന്നാൽ തുടക്കത്തിൽ ഉയർന്ന നിരക്കായിരിക്കും ഈടാക്കപ്പെടുകയെന്നാണ് പൊതുവെയുള്ള അനുഭവം.

ഇതും കൂടി വായിക്കുക 👇

“സഊദിയിലേക്ക് രക്ഷിതാക്കൾക്കൊപ്പം വാക്സിൻ എടുക്കാത്ത കുട്ടികൾക്കും പ്രവേശിക്കാം, മാർഗ്ഗനിർദേശങ്ങൾ നൽകി വിമാന കമ്പനികൾ, ഗാക സർക്കുലർ പുറത്തിറങ്ങി”