ബിനാമി ബിസിനസ് പദവി ശരിയാക്കാന്‍ ആറു മാസം കൂടി അനുവദിച്ചു

0
1375

റിയാദ്: സഊദിയിൽ ബിനാമി ബിസിനസ് നിയമലംഘനം ശരിയാക്കാന്‍ ആറു മാസം കൂടി സമയം അധികം നല്‍കി. പദവി ശരിയാക്കാനുള്ള നിലവിലെ സമയപരിധി ഇന്ന് (ആഗസ്റ്റ് 23) അവസാനിക്കാനിരിക്കെയാണ് വാണിജ്യ മന്ത്രാലയം ആറു മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചത്. 2022 ഫെബ്രുവരി 16 നകം സ്ഥാപനങ്ങള്‍ പദവി ശരിയാക്കണമെന്നാണ് മന്ത്രാലയം ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത് . ഇല്ലെങ്കില്‍ ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും ഇല്ലെങ്കിൽ കടുത്ത ശിക്ഷാനടപടി നേരിടേണ്ടിവരുമെന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.

സഊദി പൗരനും വിദേശിയും ബിസിനസില്‍ പങ്കാളിയാകല്‍, വിദേശിയുടെ പേരില്‍ സ്ഥാപനം രജിസ്റ്റര്‍ ചെയ്യല്‍, പുതിയ പങ്കാളിയെ ചേര്‍ത്ത് സഊദി പൗരന്‍ ബിസിനസ് തുടരല്‍, സ്ഥാപനത്തിന്റെ ക്രയവിക്രയം സഊദി പൗരന്‍ ഏറ്റെടുക്കല്‍, വിദേശി പൗരന് പ്രീമിയം ഇഖാമ ലഭ്യമാക്കല്‍, വിദേശി ഫൈനല്‍ എക്‌സിറ്റില്‍ രാജ്യം വിടല്‍ എന്നിങ്ങനെയാണ് പദവി ശരിയാക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍.

റീട്ടെയില്‍ ഹോള്‍സെയില്‍, കോണ്‍ട്രാക്ടിംഗ്, ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ്, ഉല്‍പാദനം, ഗതാഗതം, വെയര്‍ഹൗസിംഗ്, മറ്റ് സേവനപ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളിലാണ് പ്രധാനമായും പദവി ശരിയാക്കാനുള്ളത്. മന്ത്രാലയം വിശദീകരിച്ചു. പദവി ശരിയാക്കാൻ ആറ് മാസം കാലയളവ് നീട്ടാനുള്ള തീരുമാനം ഈ രംഗത്തുള്ള നിയമലംഘനം പരിഹരിക്കാനുള്ള രാജ്യത്തിന്‍റെ ഉത്സാഹവും താൽപ്പര്യവും പ്രതിഫലിപ്പിക്കുന്നതാണെന്ന് വാണിജ്യ മന്ത്രിയും ബിനാമി ബിസിനസ് നിയമലംഘനം ചെറുക്കാനുള്ള ദേശീയ പരിപാടിയുടെ സൂപ്പർവൈസറി കമ്മിറ്റി ചെയർമാനുമായ മജീദ് അൽ ഖസബി പറഞ്ഞു.

വാണിജ്യ മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റ് വഴിയോ രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിലുള്ള ബിസിനസ്​ കേന്ദ്രങ്ങൾ, മന്ത്രാലയത്തിന്‍റെ ശാഖകൾ വഴിയോ തിരുത്തൽ നടപടികൾ ലഭ്യമാണെന്നും മന്ത്രാലയം അറിയിച്ചു. നിയമം ലംഘിക്കുന്നവർക്ക് അഞ്ച് വർഷം വരെ തടവോ അഞ്ച് മില്യൺ റിയാൽ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.