കംഗാരുവിനെ കശാപ്പ് ചെയ്ത് മന്തിയുണ്ടാക്കി; പ്രതികൾക്കെതിരെ നടപടി സ്വീകരിച്ച് മന്ത്രാലയം

0
1953

റിയാദ്: സഊദിയിൽ കംഗാരുവിനെ കശാപ്പ് ചെയ്ത് മന്തി ഭക്ഷണം പാകം ചെയ്ത സംഭവത്തിൽ പ്രതികളെ പിടികൂടാൻ നിർദേശം നൽകി അധികൃതർ. സംഭവം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ ശ്രദ്ധയിൽ പെട്ട നാഷണല്‍ സെന്റര്‍ ഫോര്‍ വൈഡ്‌ലൈഫ് ആണ് പ്രതികൾക്കെതിരെ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയത്. വീഡിയോ നാഷണല്‍ സെന്റര്‍ ഫോര്‍ വൈഡ്‌ലൈഫിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും വന്യമൃഗത്തെ കശാപ്പ് ചെയ്യുന്ന വീഡിയോ പ്രചരിപ്പിക്കല്‍ നിയമ ലംഘനമാണെന്ന് വന്യമൃഗ വ്യാപാര നിയന്ത്രണ നിയമാവലി അനുശാസിക്കുന്നുവെന്നും വക്താവ് ബന്ദര്‍ അല്‍ഫാലിഹ് പറഞ്ഞു. നിയമ ലംഘകര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കും. ചോദ്യം ചെയ്യാന്‍ വേണ്ടി നിയമ ലംഘകരെ വിളിപ്പിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളുമായി നാഷണല്‍ സെന്റര്‍ ഫോര്‍ വൈഡ്‌ലൈഫ് ഏകോപനം നടത്തിയിട്ടുണ്ട്.

ഏതാനും പേര്‍ ചേര്‍ന്ന് കംഗാരുവിനെ കശാപ്പ് ചെയ്ത് ഭക്ഷണം പാകം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ഇവര്‍ തന്നെ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരുന്നു. കംഗാരുവിനെ കശാപ്പ് ചെയ്തത് നിയമ വിരുദ്ധമാണ്. ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതും രാജ്യത്തെ നിയമങ്ങള്‍ പ്രകാരം നിയമ ലംഘനമാണ്. ചില വന്യമൃഗങ്ങളെ വളര്‍ത്തലിനും പ്രജനനത്തിനും വേണ്ടി വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാന്‍ അനുവദിക്കുന്നുണ്ടെങ്കിലും വീഡിയോ ക്ലിപ്പിംഗില്‍ പ്രത്യക്ഷപ്പെട്ട ആളുകള്‍ നേരിട്ട് കംഗാരുവിനെ ഇറക്കുമതി ചെയ്തതല്ല എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്നും നിയമാനുസൃത രീതിയില്‍ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത വ്യക്തിയില്‍ നിന്നാണ് ഇവര്‍ കംഗാരുവിനെ വാങ്ങിയതെന്നും ബന്ദര്‍ അല്‍ഫാലിഹ് പറഞ്ഞു.