റിയാദ്: രാജ്യത്ത് മാലിന്യ സംസ്കരണം ശക്തമായി നടപ്പിലാക്കാൻ തീരുമാനം. ഇതിന്റെ ഭാഗമായി മാലിന്യ സംസ്കരണത്തിൽ വീഴ്ച വരുത്തുന്നവർക്ക് കർശനമായ ശിക്ഷ ഏർപ്പെടുത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. സഊദി ഭരണാധികാരി സൽമാൻ രാജാവാണ് പുതിയ മാലിന്യം സംസ്കരണ പദ്ധതിക്ക് അംഗീകാരം നൽകിയത്. വൻതുക പിഴയും തടവും ലഭിക്കുന്ന നിയമത്തിന് ഇതിനകം തന്നെ അംഗീകാരം നൽകിയിട്ടുണ്ട്. പൊതുജനാരോഗ്യത്തിനെതിരെയുള്ള പ്രവർത്തനങ്ങൾക്ക് മൂന്ന് കോടി റിയാൽ പിഴയും പത്ത് വർഷം തടവും ശിക്ഷയായി ലഭിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
രാജ്യത്തെ മുഴുവൻ വ്യാപാര സ്ഥാപനങ്ങൾക്കും താമസ കേന്ദ്രങ്ങൾക്കും ഉത്തരവ് ബാധകമാണ്. പുതിയ നിയമ പ്രകാരം നിയമ വിരുദ്ധമായി മാലിന്യം ശേഖരിക്കല്‍. മാലിന്യങ്ങൾ കത്തിക്കൽ, മാലിന്യം വെള്ളത്തിൽ ഉപേക്ഷിക്കൽ, കൃത്യമായ ബോക്സുകളിലല്ലാതെ മാലിന്യം നിക്ഷേപിക്കൽ തുടങ്ങിയവ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. നിയമ ലംഘനം നടത്തുന്ന സ്ഥാപനത്തിനും വ്യക്തിക്കും പിഴയും തടവുമാണ് ശിക്ഷ ലഭിക്കുക.
ശിക്ഷ ലഭിക്കുന്നവർ വീണ്ടുമത് ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. മാലിന്യ സംസ്കരണത്തിന് ലൈസൻസ് ലഭിച്ച സ്ഥാപനങ്ങൾ വ്യവസ്ഥകൾ ലംഘിച്ചാലും പിഴ ലഭിക്കും. 10 മില്യൺ റിയാൽ പിഴ, ലൈസൻസ് റദ്ദ് ചെയ്യൽ എന്നിവ ഉൾപ്പെടെ നിരവധി പിഴകളും ചുമത്തും.




