ജിദ്ദ: മാറാക്കര ഗ്ലോബൽ കെഎംസിസിയുടെ ആഭിമുഖ്യത്തിൽ ഈയിടെ മരണപ്പെട്ട മാറാക്കര പഞ്ചായത്തിലെ സജീവ മുസ്ലിം ലീഗ് നേതാവായിരുന്ന എം. കെ അബു മൗലവി അനുസ്മരണം സംഘടിപ്പിച്ചു.
ഓൺലൈൻ വഴി നടത്തിയ അനുസ്മരണ പരിപാടി കോട്ടക്കൽ മണ്ഡലം എം എൽ എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. മുമ്പ് മങ്കട മണ്ഡലം യൂത്ത് ലീഗ് ഭാരവാഹിയായി സംഘടന പ്രവർത്തനം ആരംഭിച്ച അബു മൗലവിയുടെ വാക്കിലും പ്രവർത്തിയിലും ചിന്തയിലും നിറഞ്ഞു നിന്നത് മുസ്ലിം ലീഗ് ആയിരുന്നു എന്ന് അദ്ദേഹം അനുസ്മരിച്ചു. പഴയ കാല മുസ്ലിം ലീഗ് നേതാക്കളായ ബാഫാഖി തങ്ങൾ, പൂക്കോയ തങ്ങൾ, സി. എച്ച് മുഹമ്മദ് കോയ എന്നിവരുടെ ആദർശം ഉൾക്കൊണ്ടു പ്രവർത്തിക്കുന്നതിനാൽ പുതിയ പ്രവർത്തന രീതികളെ പലപ്പോഴും വിമർശിച്ചിരുന്നു എന്നും എന്നാൽ അത് സാധുദ്ദേശത്തോടെയായിരുന്നുവെന്നും തങ്ങൾ പറഞ്ഞു.
മുസ്ലിം ലീഗിന് ശക്തമായ നേതൃത്വം ഉണ്ടെന്നും പാർട്ടി പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി തങ്ങളുടെ നേതൃത്വം അംഗീകരിച്ചു പ്രവർത്തിക്കലാണ് പാർട്ടി പ്രവർത്തകർ ചെയ്യേണ്ടതെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കൂടിയായ തങ്ങൾ പറഞ്ഞു. വിവാദങ്ങൾ ഉണ്ടാക്കി മുസ്ലിം ലീഗിനെ നശിപ്പിക്കാനും പൊതു സമൂഹത്തിൽ താറടിക്കാനും ലീഗ് ശത്രുക്കൾ ശ്രമിക്കുകയാണെന്നും അവരുടെ കെണിയിൽ പെടാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വിവാദങ്ങൾ ഉണ്ടാക്കി പാർട്ടിയെ നശിപ്പിക്കാൻ കഴിയില്ലെന്നും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ അത് സൂക്ഷിച്ചു കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്കും പ്രവാസികൾക്കും ഉപകാരപ്പെടുന്ന വിവിധ പരിപാടികളും ജീവ കാരുണ്യ പ്രവർത്തനങ്ങളും നടത്തുന്ന മാറാക്കര ഗ്ലോബൽ കെഎംസിസിയുടെ പ്രവർത്തനം ശ്ലാഘനീയമാണെന്നും ആബിദ് ഹുസൈൻ തങ്ങൾ കൂട്ടിച്ചേർത്തു. പരിപാടിയിൽ മാറാക്കര ഗ്ലോബൽ കെഎംസിസി പ്രസിഡന്റ് ബഷീർ കുഞ്ഞു കാടാമ്പുഴ അധ്യക്ഷത വഹിച്ചു.
മാറാക്കര പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കാടാമ്പുഴ മൂസ ഹാജി, ജനറൽ സെക്രട്ടറി തുറക്കൽ അബുബക്കർ, ട്രഷറർ കാലൊടി അബു ഹാജി, മലപ്പുറം ജില്ല പഞ്ചായത്ത് മെമ്പർ ഹംസ മാസ്റ്റർ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ. കെ സുബൈർ, മാറാക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. പി സജ്ന ടീച്ചർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ. പി കുഞ്ഞി മുഹമ്മദ്, മണ്ഡലം യുഡിഫ് ചെയർമാൻ മധുസൂദനൻ കാടാമ്പുഴ, പഞ്ചായത്ത് യു ഡി എഫ് കൺവീനർ എ. പി മൊയ്ദീൻ കുട്ടി മാസ്റ്റർ, ഗ്ലോബൽ കെഎംസിസി വർക്കിംഗ് പ്രസിഡന്റ് ശരീഫ് പുതുവള്ളി , ചെയർമാൻ ബക്കർ ഹാജി കരേക്കാട്, നാസർ ഹാജി കല്ലൻ, കെ. പി ബീരാൻ കുട്ടി, ഒ. കെ കുഞ്ഞിപ്പ , ഹംസ ഹാജി മേൽമുറി, പാട്ടക്കൽ കുഞ്ഞാപ്പു ഹാജി, പരീത് കരേക്കാട്, മൊയ്തു എടയൂർ, എം. ടി കുഞ്ഞാവ ഹാജി, ഷഫീഖ് മാസ്റ്റർ കരേക്കാട്, ജുനൈദ് പാമ്പലത്ത്, ഫഹദ് കരേക്കാട് തുടങ്ങിയവർ അബു മൗലവിയെ അനുസ്മരിച്ചു സംസാരിച്ചു.
ഗ്ലോബൽ കെഎംസിസി റിലീജിയസ് വിംഗ് മെമ്പർ അസ്കർ മുസ്ലിയാർ പ്രാർത്ഥന നടത്തി. മാറാക്കര ഗ്ലോബൽ കെഎംസിസി ഓർഗനൈസിങ് സെക്രട്ടറി അഷ്റഫലി പുതുക്കൂടി സ്വാഗതവും ട്രഷറർ മുഹമ്മദ് കല്ലിങ്ങൽ നന്ദിയും പറഞ്ഞു.




