റിയാദ്: സൂപ്പർകാർ നിർമാതാക്കളായ പഗാനിയുടെ മുപ്പത് ശതമാനം ഓഹരി സഊദി അറേബ്യ സ്വന്തമാക്കി. ഇറ്റലി ആസ്ഥാനമായുള്ള സൂപ്പർ കാർ നിർമാതാക്കളായ ഹൊറാസ്യോ പഗാനിയുടെ ഷെയറുകളാണ് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ മേൽനോട്ടത്തിലുള്ള പൊതു നിക്ഷേപ ഫണ്ട് സ്വന്തമാക്കിയത്. കാർ നിർമാണ മേഖലയിൽ ദീർഘകാലം സഹകരിച്ചു പ്രവർത്തിക്കാനും പഗാനിയുമായി കരാർ ഒപ്പു വെക്കുകയും ചെയ്തിട്ടുണ്ട്.
20 വർഷത്തോളമായി സൂപ്പർകാർ നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന പഗാനി നൂതനവും അത്യാധുനികവുമായ കാറുകളാണ് നിർമിക്കാറുള്ളത്. ലോകത്ത് തന്നെ ഏറ്റവും വിലപിടിപ്പുള്ള കാറുകൾ നിർമിക്കുന്നതും ഇവർ തന്നെയാണ്. ഇവരുമായി സൂപ്പർ, ഹൈപ്പർ കാറുകളുടെ നിർമാണത്തിൽ ഓഹരി പങ്കാളികളായ സഊദി അറേബ്യ ഇനി സഹകരിക്കുന്നതോടെ സഊദിയുടെ വിഷൻ 2030 ലക്ഷ്യങ്ങളാണ് സാക്ഷത്കരിക്കപ്പെടുന്നത്.
എണ്ണേതര വരുമാനവും രാജ്യത്തിന്‍റെ വളർച്ചയും ലക്ഷ്യം വെച്ച് സഊദി പൊതുനിക്ഷേപ നിധി നേരത്തെയും ആഗോള വൻകിട കമ്പനികളുമായി നിരവധി കരാറുകൾ ഒപ്പു വെച്ചിട്ടുണ്ട്.






