ചരിത്രത്തിലേക്ക് മാടി വിളിച്ച് ജബ്റ കൊട്ടാരം, അറേബ്യൻ ഉപദ്വീപിലെ ഏറ്റവും പഴയ രാജ കൊട്ടാരം ഇന്നും പ്രൗഡിയോടെ

0
1764

ത്വായിഫ്: ഏറ്റവും പഴയ നഗരങ്ങളിലൊന്നും ചരിത്രപരവും പൈതൃകവുമായ അടയാളങ്ങളാൽ സമ്പന്നവുമാണ് തായിഫ്. ഗവർണറേറ്റിന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള, 1,300 വർഷത്തിലേറെ പഴക്കമുള്ള ജബ്റ കൊട്ടാരം അറേബ്യൻ ഉപദ്വീപിലെ ഏറ്റവും പഴയ അടയാളങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. വാദി ജബ്റയുടെ ചരിവുകളിൽ ധാരാളം സമൃദ്ധമായ കൃഷിയിടങ്ങൾക്കും തോട്ടങ്ങൾക്കും ഇടയിൽ ഒരു കുന്നിൻ മുകളിലാണ് കൊട്ടാരം നിൽക്കുന്നത്. മഴക്കാലത്ത് ഒഴുകുന്ന തോടുകൾ വിദൂര സ്ഥലങ്ങളിൽ നിന്ന് വെള്ളം ഒഴുകിയെത്തി നിറഞ്ഞു കവിയുന്നതുമാണ്.

കൊട്ടാരം ഇസ്‌ലാമിക ലിഖിതങ്ങളുടെയും സമ്പന്നമായ വാസ്തുവിദ്യാ പൈതൃകത്തിന്റെയും സൗന്ദര്യം നിലനിർത്തുന്നു. ഉമയ്യദ് കാലഘട്ടത്തിലെ രാജകുമാരന്മാരിൽ ഒരാളും അക്കാലത്ത് മക്ക ഗവർണറുമായ മുഹമ്മദ് ബിൻ ഹിഷാം രാജകുമാരന്റെ ഭാര്യ മഖ്സൂം ഗോത്രത്തിലെ ജബ്റയുടെ പേരിലാണ് ഇത് അറിയപ്പെട്ടത്. കൊട്ടാരത്തിൽ രണ്ട് നിലകളുണ്ട്, ഒരു വലിയ ഹാളും മനോഹരമായ അലങ്കാരങ്ങളാൽ അലങ്കരിച്ച ഒരു പ്രവേശന കവാടവും അതിന്റെ മുറ്റത്തിന്റെ നടുവിലെ ഒരു ജലധാരയും പ്രത്യേക ആകർഷണമാണ്. കാലപ്പഴക്കം ഉണ്ടായിരുന്നിട്ടും, കൊട്ടാരം ഇപ്പോഴും അതിന്റെ ആകൃതിയും നിർമ്മാണ ശൈലിയും നിലനിർത്തുന്നുവെന്നത് അദ്‌ഭുതം സമ്മാനിക്കുന്നു.

ചുവരുകളിലും മേൽക്കൂരകളിലും നിരവധി ലിഖിതങ്ങൾ കൂടാതെ, ഇസ്‌ലാമിക, റോമൻ, പരമ്പരാഗത ഹിജാസ് നിർമ്മാണങ്ങൾ സംയോജിപ്പിച്ച് ഒരു വിശിഷ്ട വാസ്തുശൈലി കാണാനാകും. ഇതോടൊപ്പം തന്നെ നിരവധി നൂറ്റാണ്ടുകളായി വ്യാപിച്ച സമ്പന്നമായ കൊട്ടാര രാജാക്കന്മാരുടെ ചരിത്രവും ഇവ പറഞ്ഞു തരുന്നുണ്ട്. .

ജബ്റ കൊട്ടാരം അതിന്റെ നിർമ്മാണത്തിന്റെയും ലിഖിതങ്ങളുടെയും സൗന്ദര്യവും അതിന്റെ സവിശേഷമായ സ്ഥാനവും കാരണം കാലങ്ങളായി കവികളുടെയും എഴുത്തുകാരുടെയും ശ്രദ്ധ ആകർഷിഷിച്ചിട്ടുണ്ട്. പല പഴയ അറബ് കവിതകളിലും ജബ്റ കൊട്ടാര മഹിമ കുറിച്ചിടുന്നത് ഇതിന്റെ ആസ്വാദന, ചരിത്ര ഭംഗി എത്രത്തോളമെന്നത് വിളിച്ചോതുന്നു.