മാലി: കൊച്ചിയിൽ നിന്ന് മാലിദ്വീപിലേക്ക് പോയ യാത്രക്കാർ ആകെ ദുരിതത്തിൽ. ഒന്നര മണിക്കൂർ മാത്രം യാത്രാ ദൂരമുള്ള മാലിദ്വീപിലേക്ക് ഇവർ കൊച്ചിയിൽ നിന്ന് എത്തിയതാകട്ടെ 72 മണിക്കൂർ സഹിച്ചും. എന്നിട്ടും ഇന്നലെ രാത്രി മാലിയിൽ വിമാനമിറങ്ങിയ സ്ത്രീകളും കുട്ടികകളും അടക്കമുള്ളവർ താമസ സൗകര്യം ലഭിക്കാതെ തെരുവിൽ കഴിയുകയാണ്. സ്ത്രീകളും കുട്ടികളും അടക്കം ഏകദേശം 192 ഓളം പ്രവാസി യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. സഊദിയിലേക്കുള്ള യാത്രയിൽ മൂന്ന് ദിവസം ആയിട്ടും ദുരിതക്കയത്തിൽ നിന്ന് ഇവർക്ക് മോചനം സാധ്യമായിട്ടില്ല.
തിങ്കളാഴ്ച രാവിലെയാണ് സംഘം മാലിദ്വീപിലേക്ക് യാത്ര തിരിച്ചത്. എന്നാൽ, ഇവരുടെ കൈവശം ഉണ്ടായിരുന്ന ഹോട്ടൽ ബുക്കിംഗ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിമാനത്തിലെ മുഴുവൻ യാത്രക്കാരെയും എമിഗ്രേഷൻ മടക്കി അയക്കുകയായിരുന്നു. തുടർന്ന് ഇവർ രാത്രിയോടെ തന്നെ കൊച്ചിയിൽ തിരിച്ചിറങ്ങി. എന്നാൽ, ആറോളം യാത്രക്കാരുടെ ഹോട്ടൽ ബുക്കിംഗിൽ മാത്രമാണ് പ്രശ്നം ഉണ്ടായിരുന്നതെന്ന് ചാർട്ടഡ് സർവീസ് സജ്ജമാക്കിയതിലെ ഒരു സർവ്വീസ് ഏജൻസി മലയാളംപ്രസിനോട് പറഞ്ഞിരുന്നു. തുടർന്ന് ഇവരെ ചൊവ്വാഴ്ച തന്നെ മാലിദ്വീപിൽ ഇറക്കാനുള്ള സംവിധാനം സജ്ജീകരിച്ചിട്ടുണ്ടെന്നും യാത്രക്കാരെ കൊച്ചിയിലെ തന്നെ ഹോട്ടലുകളിൽ താമസിപ്പിക്കുകയും ചെയ്തു. പിന്നീട് ബുധനാഴ്ച വൈകുന്നേരത്തോടെയാണ് വീണ്ടും മാലിദ്വീപിലേക്കുള്ള യാത്ര സജ്ജീകരിച്ചത്.

എന്നാൽ, മാലിദ്വീപിൽ ഇറങ്ങിയ ശേഷം കൂട്ടത്തിലെ 20 ഓളം ആളുകൾ പുറത്തിറങ്ങാത്തത് വീണ്ടും ആശങ്ക ഉയർത്തി. ഒടുവിൽ മണിക്കൂറുകൾക്ക് ശേഷമാണ് ഇവർക്ക് പുറത്തിറങ്ങാനായത്. പക്ഷെ, ഇവിടെയും തീർന്നില്ല ദുരിതം. ഇവരെ സ്വീകരിക്കാനായി ഇവിടെ എത്തേണ്ടിയിരുന്ന ഏജൻസി വീണ്ടും വൈകി. ഒടുവിൽ ഏജൻസി എത്തിയെങ്കിലും യാത്ര പോകേണ്ട ബോട്ട് സർവീസിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്ന് പറഞ്ഞ് ഏജൻസി ഇവിടെ നിന്ന് മാറി. വീണ്ടും മണിക്കൂറുകളുടെ കാത്തിരിപ്പ്. പിന്നീട് ബോട്ടുകൾ തയ്യാറായി ഇവരെ ഒരു ദ്വീപിൽ ഇറക്കിയെങ്കിലും ഇത് വരെ താമസ സൗകര്യം ലഭിച്ചിട്ടില്ല. ഇതേ തുടർന്ന് മണിക്കൂറുകളായി ഇവർ തെരുവുകളിൽ തന്നെയാണ് കഴിയുന്നത്.
നാട്ടിലെ ഇവരുടെ യാത്ര ക്രമീകരിച്ച ഏജൻസികളെ ബന്ധപ്പടുന്നുണ്ടെങ്കിലും ഒരു സജ്ജീകരണവും ഇതുവരെ ലഭ്യമായിട്ടില്ല. ഇവരിൽ പലരും നോർക്കയേയും മറ്റു സംവിധാനങ്ങളെയും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടിട്ടില്ല. ഈ സർവ്വീസ് സംഘടിപ്പിച്ചിരിക്കുന്നത് വിവിധ ട്രാവൽസ് ഏജൻസികൾ സംയുക്തമായാണ് എന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. അതിൽ തന്നെ രണ്ട് ഡസനിൽ അധികം ചെറുകിട ഏജൻസികളും ഓഫീസുകളും ഉണ്ട്.
Read also
“വ്യാജ ഹോട്ടൽ ബുക്കിംഗ്; മാലിദ്വീപിൽ ഇറങ്ങിയ 200 ഓളം മലയാളികളെ കൊച്ചിയിലേക്ക് തന്നെ തിരിച്ചയച്ചു”




