കൊച്ചി: മാലിദ്വീപ് വഴി സഊദി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് പോകാനെത്തിയവരെ മാലിദ്വീപിൽ നിന്നും തിരിച്ചയച്ചു. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെ കൊച്ചിയിൽ നിന്ന് പുറപ്പെട്ട യാത്രക്കാരെയാണ് രാത്രിയോടെ കൊച്ചിയിലേക്ക് തന്നെ മടക്കി അയച്ചത്. യാത്രക്കാരിൽ ഏതാനും പേരുടെ ഹോട്ടൽ ബുക്കിംഗ് പ്രശ്നത്തെ തുടർന്നാണ് ഇവരെ എമിഗ്രേഷൻ വിഭാഗം തടഞ്ഞത്. ഒടുവിൽ ഇവരെ മലിദ്വീപിലേക്ക് ഒരു നിലക്കും പ്രവേശിക്കാൻ സാധ്യമല്ലെന്ന് എമിഗ്രേഷൻ വിഭാഗം അറിയിക്കുകയും വിമാനത്തിലെ മുഴുവൻ ആളുകളെയും കൊച്ചിയിലേക്ക് തന്നെ കയറ്റി വിടുകയുമായിരുന്നു. അത്രയും നേരം യാത്രക്കാർ വിമാനത്താവളത്തിൽ തന്നെ കഴിയുകയായിരുണു.
180 ഓളം യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരിൽ സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബങ്ങളും ഉണ്ടായിരുന്നു. ഇവർക്ക് ട്രാവൽസ് ഏജൻസി നൽകിയ ഹോട്ടൽ ബുക്കിംഗിലാണ് പ്രശ്നം കണ്ടെത്തിയിരിക്കുന്നത്.
അതേസമയം, ഇവരിൽ ആറ് പേർക്ക് നൽകിയ ഹോട്ടൽ ബുക്കിംഗിലാണ് പ്രശ്നം കണ്ടെത്തിയതെന്നും ഇതേ തുടർന്ന് മുഴുവൻ ആളുകൾക്കും പ്രവേശനം തടയുകയായിരുന്നുവെന്നും ചാർട്ട് ചെയ്ത വിമാനത്തിലെ ഒരു ഏജൻസി മലയാളംപ്രസിനോട് പറഞ്ഞു. ചൊവ്വാഴ്ച തന്നെ മുഴുവൻ യാത്രക്കാരെയും മാലിദ്വീപിലേക്ക് തന്നെ എത്തിക്കാനുള്ള സംവിധാനം സജ്ജീകരിച്ചിട്ടുണ്ടെന്നും ഏജൻസി അറിയിച്ചു. രണ്ടു ഡസനിലധികം ഏജൻസികളുടെ യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്നാണ് വിവരം.
രണ്ടു ദിവസം മുമ്പ് മാലി വിമാനത്താവളത്തിൽ ഏതാനും ആളുകൾ മണിക്കൂറുകൾ കാത്തിരുന്നിട്ടും ഏജൻസികൾ വരാതിരിക്കുകയും മറ്റു മാർഗ്ഗങ്ങൾ ഇല്ലാതാവുകയും ചെയ്തതോടെ വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധിക്കുകയും റോഡ് ഉപരോധം പോലുള്ളവക്ക് ശ്രമം നടത്തുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഒരു വിട്ടുവീഴ്ചക്കും വഴങ്ങാതെ കർശന തീരുമാനങ്ങൾക്ക് മാലിദ്വീപ് അധികൃതരെ പ്രേരിപ്പിച്ചതെന്നാണ് വിവരം.
തിങ്കളാഴ്ച വിമാനത്താവളത്തിൽ മണിക്കൂറുകൾ യാത്രക്കാർ കുടുങ്ങിയിട്ടും ഇവർക്ക് ആവശ്യമായ ഭക്ഷണം എത്തിച്ച് നൽകാൻ ശ്രമിച്ചിട്ടും ഒരു നിലക്കും ഉള്ളിലേക്ക് കടത്തിവിടാൻ അധികൃതർ തയ്യാറായില്ലെന്നും വ്യാജ ടിക്കറ്റ് കണ്ടെത്തിയ ആറ് പേർ ഒഴികെയുള്ളവർക്ക് പ്രവേശനം നൽകാൻ അവസാന വട്ട ശ്രമം നടത്തിയതിന്റെ പേരിലുമാണ് യാത്രക്കാർക്ക് മണിക്കൂറുകൾ മാലിയിൽ കഴിയേണ്ടി വന്നതെന്നും ട്രാവൽ ഏജൻസി പറഞ്ഞു.
കഴിഞ്ഞ മാസം പതിനാറിനും ഇത് പോലെ മലയാളികളെ തിരിച്ചയച്ചിരുന്നു. ആ വാർത്ത കാണാൻ “മാലിദ്വീപിൽ ഇറങ്ങിയ 250 ഓളം യാത്രക്കാരെ തിരിച്ചയച്ചു” ക്ലിക്ക് ചെയ്യുക. അന്ന് മാലിദ്വീപിൽ ഇറങ്ങിയ 250 ഓളം യാത്രക്കാരെയാണ് തിരിച്ചയച്ചിരുന്നത് ഇവരുടെ കയ്യിലുണ്ടായിരുന്ന ഹോട്ടൽ ബുക്കിങ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പ്രവേശനം നിഷേധിച്ചതെന്നു മാലി എമിഗ്രെഷൻ അധികൃതർ വ്യക്തമാക്കിയിരുന്നു.
കർശന പരിശോധനയാണ് എമിഗ്രെഷനിൽ നടക്കുന്നത്. അതിനാൽ തന്നെ സഊദി യാത്രക്കാർ തങ്ങളുടെ ഹോട്ടൽ, റിസോർട്ട് ബുക്കിങ്, മടക്കയാത്ര വിമാന ടിക്കറ്റ് തുടങ്ങി മാലിദ്വീപ് പ്രവേശനത്തിനാവശ്യമായ നടപടികൾ പൂർണ്ണമായും പാലിക്കേണ്ടതാണ്. ഉയർന്ന പണം മുടക്കി പോകുന്ന യാത്രക്കാർ ചെറിയ അശ്രദ്ധക്ക് വലിയ വില നൽകേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കേണ്ടതാണ്.
പ്രവേശന നടപടികൾ പാലിക്കാൻ എല്ലാ യാത്രക്കാരും നിർബന്ധിതരാണെന്ന് അധികൃതർ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. പകർച്ചവ്യാധികൾക്കിടയിൽ അതിർത്തി നിയന്ത്രണ നടപടികളിലെ മാറ്റങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും. നിയമം നടപ്പിലാക്കുന്നതിനും നിയമാനുസൃതമായ യാത്രക്കാർക്ക് സുരക്ഷിതമായ സംവിധാനം ഉറപ്പാക്കുന്നതിനുമാണ് ഞങ്ങളുടെ മുൻഗണനയെന്നും എമിഗ്രെഷൻ വ്യക്തമാക്കി.