ആറ് മാസത്തിനിടെ സഊദി കസ്റ്റംസ് പിടികൂടിയത് 19,000 കിലോഗ്രാം മയക്കു മരുന്ന് ഗുളികകളും 81,000 ലിറ്റർ മദ്യവും

0
1108

റിയാദ്: ഈ വർഷം ഇത് വരെ നിരോധിത വസ്തുക്കൾ രാജ്യത്തേക്ക് കടത്താനുള്ള ആയിരത്തിലധികം ശ്രമങ്ങൾ പരാജയപ്പെടുത്തിയതായി സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി വെളിപ്പെടുത്തി.
126 ദശലക്ഷത്തിലധികം മയക്കുമരുന്ന് ഗുളികകളും 19,000 കിലോഗ്രാമിലധികം ഹാഷിഷ്, ഹെറോയിൻ, കൊക്കെയ്ൻ തുടങ്ങിയ മയക്കു മരുന്നുകളും 60,000 ലധികം കുപ്പികളിലായി 81,000 ലിറ്ററിലധികം മദ്യവും ഇവയിൽ ഉൾപ്പെടുന്നതായും അതോറിറ്റി വെളിപ്പെടുത്തി. ഈ വർഷത്തെ ആദ്യ പകുതിയിലെ കണക്കുകളാണിത്.

രാജ്യത്തേക്കെത്തിയ 39 മില്യൺ ടണ്ണിലധികം സാധനങ്ങളാണ് അതോറിറ്റി ഈ കാലയളവിൽ കൈകാര്യം ചെയ്തത്. ഏകദേശം 302 ബില്ല്യൺ റിയാൽ (80 ബില്യൺ ഡോളർ) മൂല്യമുള്ള വസ്തുക്കളാണിവ. കസ്റ്റംസ് പോർട്ടുകൾ വഴി 36 ദശലക്ഷം ടൺ ചരക്കുകൾ കയറ്റുമതി ചെയ്തതായും അതോറിറ്റി വ്യക്തമാക്കി.

അതോറിറ്റിയുടെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 1.1 ദശലക്ഷത്തിലധികം കണ്ടെയ്നറുകളുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനൊപ്പം തുറമുഖങ്ങളിൽ 2.3 ദശലക്ഷത്തിലധികം ഇറക്കുമതി, കയറ്റുമതി, ട്രാൻസിറ്റ് ഇടപാടുകൾ പൂർത്തിയാക്കി. ഇതേ കാലയളവിൽ 1 ദശലക്ഷത്തിലധികം പുറപ്പെടുന്ന വാഹനങ്ങളും 1.1 ദശലക്ഷം രാജ്യത്തേക്ക് വരുന്ന വാഹനങ്ങളും കൈകാര്യം ചെയ്തു.

നികുതി നിയന്ത്രണങ്ങൾക്ക് വിധേയമായി എല്ലാ ബിസിനസ്സ് ഉദ്യോഗസ്ഥരിൽ നിന്നും 580,000 ലധികം നികുതിയും സകാത്ത് വിഹിതവും അതോറിറ്റിക്ക് ലഭിച്ചു. രാജ്യത്താകമാനം നടത്തിയ 153,000 പരിശോധനകളിൽ 20,000 ത്തിലധികം സകാത്ത്, നികുതി ലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.