റിയാദ്: സൗദി അറേബ്യയിലെ അക്കൗണ്ടിങ് മേഖലയിലെ 44 അക്കൗണ്ടിങ് പ്രഫഷനുകളിൽ സ്വദേശിവൽക്കരണം തുടങ്ങി. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലുള്ള അക്കൗണ്ടിങ് ജോലികളിൽ അഞ്ചോ അതിലധികമോ അക്കൗണ്ടന്റുമാരെ നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് സൗദിവൽക്കരണം 40% വർധിപ്പിച്ച തീരുമാനമാണ് പ്രാബല്യത്തിലായത്. ഈ മാസം കഴിഞ്ഞ 27 മുതൽ ആദ്യഘട്ടം വാണിജ്യ മന്ത്രാലയവുമായി നടപ്പിലാക്കി തുടങ്ങിയതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം സഹകരിച്ച് പ്രഖ്യാപിച്ചു.
സൗദി സ്വദേശികളായ ബാച്ചിലേഴ്സ് ഡിഗ്രിയോ തത്തുല്യമോ ഉള്ളവർക്ക് 6,000 റിയാലും ഡിപ്ലോമയോ തത്തുല്യമോ ഉള്ളവർക്ക് 4,500 റിയാലുമാണ് തൊഴിലിനുള്ള ഏറ്റവും കുറഞ്ഞ വേതനം നിശ്ചയിച്ചിരിക്കുന്നത്. സൗദിയിലുള്ള എല്ലാ തൊഴിൽ മേഖലകളിലും പുരുഷന്മാർക്കും സ്ത്രീകൾക്കും കൂടുതൽ വൈവിധ്യമാർന്ന തൊഴിലവസരങ്ങൾ നൽകാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.
44 തരം അക്കൗണ്ടിങ് പ്രഫഷനുകളിൽ, പ്രത്യേകിച്ച് ഫിനാൻഷ്യൽ മാനേജർ, അക്കൗണ്ടിങ് മാനേജർ, ഫിനാൻഷ്യൽ ആൻഡ് അക്കൗണ്ടിങ് അഫയേഴ്‌സ് മാനേജർ, അക്കൗണ്ട്‌സ് ആൻഡ് ബജറ്റ് മാനേജർ, ട്രഷറി മാനേജർ, ബജറ്റ് മാനേജർ, കളക്ഷൻ മാനേജർ, സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്, ഫിനാൻഷ്യൽ കൺട്രോളർ, സീനിയർ ഫിനാൻഷ്യൽ ഓഡിറ്റർ അടക്കമുള്ള ജോലികളിലൊക്കെ സ്വദേശിവൽക്കരണത്തിന്റെ ശതമാനം ഉയർത്തുന്നതും ഈ തീരുമാനത്തിൽ ഉൾപ്പെടുന്നു.ഇനിയങ്ങോട്ടു വരുന്ന 5 വർഷത്തിനുള്ളിൽ അഞ്ച് ഘട്ടങ്ങളിലായി 70% ശതമാനത്തിലെത്തുന്നതുവരെ ഈ തീരുമാനം ക്രമേണ നടപ്പിലാക്കും.
തീരുമാനത്തിന്റെ വിശദാംശങ്ങളും ആവശ്യമായ സ്വദേശിവൽക്കരണ തോതുകളും വ്യക്തമാക്കുന്നതിനായി നടപടിക്രമ ഗൈഡ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം സ്ഥിരീകരിച്ചു, നിയമലംഘകർക്ക് ചുമത്തുന്ന നിയമപരമായ ശിക്ഷകൾ ഒഴിവാക്കാൻ എല്ലാ സ്ഥാപനങ്ങളും സ്വദേശിവൽക്കരണം നടപ്പാക്കുന്നത് കർശനാമായി പാലിക്കണമെന്ന് ആവശ്യപ്പെട്ടു.
തൊഴിൽ മേഖലയിലെ ആവശ്യങ്ങൾക്ക് അനുസൃതമായി തീരുമാനം നടപ്പിലാക്കുന്നുണ്ടോ എന്ന് വാണിജ്യ മന്ത്രാലയം നിരീക്ഷിക്കും. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് മാനവ വിഭവശേഷി, സാമൂഹിക വികസന സംവിധാനം വാഗ്ദാനം ചെയ്യുന്ന പിന്തുണയും പ്രോത്സാഹന പരിപാടികളും പ്രയോജനപ്പെടും. ഇതിൽ നിയമനം, പരിശീലനം, യോഗ്യത, തൊഴിൽ, കരിയർ തുടർച്ച എന്നിവയ്ക്കുള്ള പിന്തുണയും ഉൾപ്പെടുന്നു. ദേശസാൽക്കരണ പിന്തുണാ പരിപാടികളിലേക്കും മാനവ വിഭവശേഷി വികസന ഫണ്ട് (ഹദഫ്) പ്രോഗ്രാമുകളിലേക്കും മുൻഗണനാ പ്രവേശനത്തിന് പുറമേയാണിത്.





