മാലിദ്വീപിൽ ഇറങ്ങിയ 250 ഓളം യാത്രക്കാരെ തിരിച്ചയച്ചു

സഊദി യാത്രക്കാർ ശ്രദ്ധിച്ചില്ലെങ്കിൽ യാത്ര മുടങ്ങും

0
13663

മാലി: മാലിദ്വീപിൽ ഇറങ്ങിയ 250 ഓളം യാത്രക്കാരെ തിരിച്ചയച്ചു. ഇന്നലെ മാലിയിൽ ഇറങ്ങിയ 248 യാത്രക്കാരെയാണ് മാലിദ്വീപ് എയർപോർട്ട് എമിഗ്രെഷനിൽ വെച്ച് തടഞ്ഞത്. ഇവരുടെ കയ്യിലുണ്ടായിരുന്ന ഹോട്ടൽ ബുക്കിങ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പ്രവേശനം നിഷേധിച്ചതെന്നു മാലി എമിഗ്രെഷൻ അധികൃതർ അറിയിച്ചു. എമിഗ്രെഷൻ ഓഫീസർമാരുടെ ക്ര്യത്യതയാർന്ന പരിശോധനയെ പ്രശംസിച്ച് മാലി എമിഗ്രെഷൻ കൺട്രോൾ ജനറൽ രംഗത്തെത്തി. വ്യാജ ഹോട്ടൽ ബുക്കിങ് സംഘടിപ്പിച്ച് ഇറങ്ങിയവരിൽ മലയാളികളും ഉൾപ്പെട്ടതായാണ് സൂചന.

കർശന പരിശോധനയാണ് എമിഗ്രെഷനിൽ നടക്കുന്നത്. അതിനാൽ തന്നെ സഊദി യാത്രക്കാർ തങ്ങളുടെ ഹോട്ടൽ, റിസോർട്ട് ബുക്കിങ്, മടക്കയാത്ര വിമാന ടിക്കറ്റ് തുടങ്ങി മാലിദ്വീപ് പ്രവേശനത്തിനാവശ്യമായ നടപടികൾ പൂർണ്ണമായും പാലിക്കേണ്ടതാണ്. ഉയർന്ന പണം മുടക്കി പോകുന്ന യാത്രക്കാർ ചെറിയ അശ്രദ്ധക്ക് വലിയ വില നൽകേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കേണ്ടതാണ്.

പ്രവേശന നടപടികൾ പാലിക്കാൻ എല്ലാ യാത്രക്കാരും നിർബന്ധിതരാണെന്ന് അധികൃതർ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. പകർച്ചവ്യാധികൾക്കിടയിൽ അതിർത്തി നിയന്ത്രണ നടപടികളിലെ മാറ്റങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും . നിയമം നടപ്പിലാക്കുന്നതിനും നിയമാനുസൃതമായ യാത്രക്കാർക്ക് സുരക്ഷിതമായ സംവിധാനം ഉറപ്പാക്കുന്നതിനുമാണ് ഞങ്ങളുടെ മുൻഗണനയെന്നും എമിഗ്രെഷൻ വ്യക്തമാക്കി.

അതേസമയം, ഇന്നലെ മുതൽ മാലിയിൽ മലയാളികൾ ഇറങ്ങിത്തുടങ്ങി. സഊദിയിലേക്കുള്ള മലയാളി യാത്രികർ 14 ദിവസത്തെ ക്വാറന്റൈൻ പാക്കേജിൽ ഇന്നലെ മുതൽ ഇറങ്ങിയെന്നും വരും ദിവസങ്ങളിലും യാത്ര സജ്ജീകരിച്ചിട്ടുണ്ടെന്നും ട്രാവൽ ഏജൻസികൾ അറിയിച്ചു. ഓൺ അറൈവൽ വിസയാണ് ഇന്ത്യക്കാർക്ക് മാലിദ്വീപിൽ ലഭിക്കുന്നത്. ഇത് സംബന്ധമായ കൂടുതൽ വിവരങ്ങൾ ഇപ്രകാരമാണ്

വിസ സംവിധാനം

ഓരോ വിനോദസഞ്ചാരികൾക്കും മാലദ്വീപ് വിസ വാഗ്ദാനം ചെയ്യുന്നുണ്ട്. മാലിദ്വീപിലേക്ക് പ്രവേശിക്കാനായി വിസ സ്റ്റാമ്പിങ് ആവശ്യമില്ല. സാധുവായ പാസ്‌പോർട്ട് മാത്രം മതി. ഇന്ത്യക്കാരുടെ പാസ്‌പോർട്ടിന് മാലിദ്വീപിലേക്ക് പുറപ്പെടുന്ന തീയതി മുതൽ കുറഞ്ഞത് 1 മാസത്തെ സാധുത ഉണ്ടായിരിക്കണം. ഒരു രജിസ്റ്റർ ചെയ്ത ടൂറിസ്റ്റ് കേന്ദ്രത്തിൽ സ്ഥിരീകരിച്ച പ്രീ-ബുക്കിംഗ് ഓൺ ആറൈവൽ വിസക്ക് ആവശ്യമാണ്‌. മാത്രമല്ല, കൂടുതൽ ഫീസൊന്നും ഈടാക്കാതെ ടൂറിസ്റ്റ് വിസ നീട്ടാനുള്ള സൗകര്യവും ദീർഘകാലം നിൽക്കുന്ന സഞ്ചാരികൾക്ക് ലഭ്യമാണ്.

വാക്സിൻ നടപടികൾ

മാലദ്വീപ് ടൂറിസം മന്ത്രാലയത്തിന്റെ അപ്‌ഡേറ്റുകൾ അനുസരിച്ച്, അന്താരാഷ്ട്ര യാത്രക്കാർക്ക് നെഗറ്റീവ് ആർടി-പിസിആർ പരിശോധന നടത്തണം. വിനോദസഞ്ചാരികൾ പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് മാലദ്വീപ് ഇമിഗ്രേഷൻ പോർട്ടലിൽ ആരോഗ്യ സ്ഥിതി തെളിയിക്കുന്ന ഫോം സമർപ്പിക്കേണ്ടതാണ്. നിർബന്ധിത ക്വാറന്റൈനോ കൊവിഡ് പരിശോധനയോ ഇല്ല. എന്നാൽ, കൊവിഡ് ലക്ഷണങ്ങൾ കാണിക്കുന്നവർക്ക് പി‌സി‌ആർ പരിശോധന നടത്തേണ്ടിവരും.

“ജൂലൈ പതിനഞ്ചു മുതൽ മാലിദ്വീപിലേക്ക് ഇന്ത്യക്കാർക്ക് യാത്രയാകാം, സഊദി പ്രവാസികൾക്ക് ആശ്വാസമാകും”