റിയാദ്: ഉപഭോക്താക്കളെ കബളിപ്പിക്കുകയും അവരുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ഓൺലൈൻ തട്ടിപ്പ് രീതികളെ കുറിച്ച് കർശന ശ്രദ്ധ പുലർത്തണമെന്ന് മുന്നറിയിപ്പ് നൽകി സഊദി സെൻട്രൽ ബാങ്ക്. പല വിധത്തിലുള്ള തട്ടിപ്പുകൾ ഇതുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ടെന്നും ഓരോരുത്തരും ശ്രദ്ധ പുലർത്തണമെന്നും സെൻട്രൽ ബാങ്ക് (സാമ) പുറത്തിറക്കിയ മുന്നറിയിപ്പിൽ വ്യക്തമാക്കി.
സെൻട്രൽ ബാങ്കിലെ ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട് ഫോൺ വഴിയോ സന്ദേശം അയച്ചോ സോഷ്യൽ മീഡിയ വഴിയോ ബന്ധപ്പെടുകയോ അല്ലെങ്കിൽ സെൻട്രൽ ബാങ്കിന്റെ പേരും ലോഗോയും ഉള്ള വ്യാജ വെബ്‌സൈറ്റുകൾ സൃഷ്ടിച്ചുകൊണ്ടോ ആണ് തട്ടിപ്പുകാർ തട്ടിപ്പിന്റെ ആദ്യ ചുവടുകൾ ആരംഭിക്കുകയെന്ന് സെൻട്രൽ പുറത്തിറക്കിയ മുന്നറിയിപ്പിൽ സൂചിപ്പിച്ചു.
ഫോൺ വിളിക്കുന്ന അവസരത്തിൽ ഉപഭോക്താക്കളുടെ ഫോണിൽ തട്ടിപ്പുകാർ തങ്ങളുടെ നമ്പറുകൾ മറച്ചു വെച്ച് സെൻട്രൽ ബാങ്ക് നമ്പർ ആയിരിക്കും കാണിക്കുന്നത്. യഥാർത്ഥ നമ്പറുകൾ മറയ്ക്കാൻ സോഫ്‌റ്റ്‌വെയർ ഉപയോഗിക്കുന്നുവെന്ന് സെൻട്രൽ ബാങ്ക് മുന്നറിയിപ്പിൽ പറയുന്നു. ഉപഭോക്താക്കളിൽ വിശ്വാസം ഉണ്ടാക്കാൻ വേണ്ടിയാണ് ഈ ചതി അവർ സ്വീകരിക്കുന്നത്. സെൻട്രൽ ബാങ്കിൽ നിന്നാണെന്ന് വരുത്തി ഇത് ഉപയോഗപ്പെടുത്തി ഉപഭോക്താവിന്റെ രഹസ്യവിവരങ്ങൾ കൈക്കലാക്കാൻ തട്ടിപ്പ് സംഘം ശ്രമം നടത്തും. അതിന് ശേഷമായിരിക്കും തട്ടിപ്പിന്റെ അടുത്ത ഘട്ടം തുടങ്ങുന്നത്.
എന്നാൽ, ഉപഭോക്താക്കൾക്ക് അവരുടെ അക്കൗണ്ട് ഡാറ്റയും ബാങ്ക് കാർഡുകളും രഹസ്യ നമ്പറുകളും എവിടെയും വെളിപ്പെടുത്തേണ്ടെന്ന് സെൻട്രൽ ബാങ്ക് മുന്നറിയിപ്പ് നൽകി. അതിനാൽ തന്നെ ഇത്തരം കാര്യങ്ങൾ വെളിപ്പെടുത്താനായി ആവശ്യപ്പെടുമ്പോൾ തന്നെ തട്ടിപ്പുകൾ അറിയാൻ കഴിയുമെന്ന് സെൻട്രൽ ബാങ്ക് പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ടു ഒരു ബാങ്കും ഫോണിൽ കൂടെയോ ഓൺലൈൻ വഴിയോ ബന്ധപെടുകയില്ലെന്ന് എല്ലാ ബാങ്കുകളും മുന്നറിയിപ്പ് നൽകുന്നുണ്ട്.
