2034 ഫിഫ ലോകകപ്പ്: ലോകത്തെ ഞെട്ടിക്കാൻ സഊദി അറേബ്യ, കളി ആകാശത്തു നിന്ന് കാണാം; ലോകത്തിലെ ആദ്യ ‘സ്കൈ സ്റ്റേഡിയം ഒരുങ്ങുന്നു

0
229

റിയാദ്: 2034 ഫിഫ ലോകകപ്പിന് മുന്നോടിയായി ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നതിനിടെ ലോകത്തെ അദ്‌ഭുതപ്പെടുത്തുന്ന നിർമ്മിതികളും സഊദിയിൽ ഉയരുന്നുവെന്ന് റിപ്പോർട്ട്. ഇതിന്റെ ഭാ​ഗമായി ലോകത്തിലെ ആദ്യ ‘സ്കൈ സ്റ്റേഡിയം നിർമ്മാണത്തിനാണ് സഊദി അറേബ്യ ഒരുങ്ങുന്നത്. സഊദിയുടെ പുതിയ ലോകമായ നിയോമിലാണ് പൂർണ്ണമായും സൂര്യനും കാറ്റും വഴി ലഭിക്കുന്ന ഊർജത്തിൽ പ്രവർത്തിക്കുന്ന സ്റ്റേഡിയം നിർമിക്കുന്നത്.

ഭൂമിയിൽ നിന്നും ഏകദേശം 350 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന നിലയിലായിരിക്കും സ്റ്റേഡിയം നിർമ്മിക്കുകയെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഈ സ്റ്റേഡിയം വരികയാണെകിൽ ലോകത്തിലെ ആദ്യത്തെ സ്‌കൈ സ്റ്റേഡിയമായും സഊദിയിലേത് മാറും.

46,000 ആരാധകർക്കുള്ള ഇരിപ്പിട സൗകര്യമൊരുക്കുന്ന ഈ സ്റ്റേഡിയം 2034 ഫിഫ വേൾഡ് കപ്പിലെ മത്സരങ്ങൾക്കായി ഉപയോഗിക്കാനാണ് പദ്ധതി. റിപ്പോർട്ടുകൾ പ്രകാരം സ്റ്റേഡിയത്തിന്റെ നിർമാണം 2027-ൽ ആരംഭിച്ച് 2032-ൽ പൂർത്തിയാകും. 2034 ഫിഫ ലോകകപ്പിന്റെ സെമി ഫൈനൽ മത്സരങ്ങൾ ഈ സ്റ്റേഡിയത്തിൽ വെച്ച് നടക്കുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.

2034 ലോകകപ്പ് ലക്ഷ്യമാക്കി വൻ ഒരുക്കങ്ങളാണ് സഊദി അറേബ്യ നടത്തിവരുന്നത്. സഊദി അറേബ്യയിലുടനീളമുള്ള മറ്റ് പത്ത് ഹോസ്റ്റിംഗ് സൈറ്റുകൾക്ക് പുറമേ, റിയാദ്, ജിദ്ദ, അൽഖോബാർ, അബഹ എന്നിവിടങ്ങളിലെ 15 സ്റ്റേഡിയങ്ങളിൽ മത്സരങ്ങൾ നടക്കും. 2034 ലോകകപ്പിനു രണ്ട് വർഷം മുമ്പ് തന്നെ സ്റ്റേഡിയങ്ങളുടെ നിർമ്മാണം പൂർത്തിയാക്കുമെന്ന് സഊദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖാതിബ് വെളിപ്പെടുത്തിയിട്ടുണ്ട്.

വടക്കൻ റിയാദിലെ കിംഗ് സൽമാൻ ഇന്റർനാഷണൽ സ്റ്റേഡിയം, ഖിദ്ദിയയിലെ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ സ്റ്റേഡിയം, ജിദ്ദ സ്റ്റേഡിയം എന്നിവ 2030 ഓടെ സജ്ജമാക്കും. ബാക്കിയുള്ള സ്റ്റേഡിയങ്ങൾ 2032 ഓടെ പൂർത്തിയാക്കുമെന്നും അഹമ്മദ് അൽ ഖാതിബ് പറഞ്ഞു.

ഫിഫ ലോകകപ്പിന് ആതിഥേയത്വം നാലാമത്തെ ഏഷ്യൻ രാജ്യമാണ് സഊദി. ബ്രസീൽ അവസാനമായി ലോകകപ്പ് നേടിയ 2002ലെ ഫിഫ ലോകകപ്പ് ജപ്പാനും ദക്ഷിണകൊറിയയും സംയുക്തമായി ആതിഥ്യം വഹിക്കുകയായിരുന്നു. 2022 ലോകകപ്പിന് ഖത്തറും ആതിഥേയത്വം വഹിച്ചു. ചരിത്രത്തിലാദ്യമായി ടൂർണമെന്റിൽ 48 ടീമുകൾ ആകും പങ്കെടുക്കുക.