റിയാദ്: മലപ്പുറം കോഴിച്ചെന സ്വദേശി മുസ്തഫയുടെ ജീവൻ രക്ഷിക്കാൻ സൗദി ആരോഗ്യമന്ത്രാലയത്തിന്റെ എയർ ആംബുലൻസ് പറന്നിറങ്ങി. വാദി ദവാസറിൽ തുണിക്കടയിൽ ജോലിചെയ്യുന്ന മുസ്തഫക്ക് താമസസ്ഥലത്ത് വെച്ച് രക്തസമ്മർദ്ദം കൂടിയതിനെ തുടർന്ന് സ്‌ട്രോക് സംഭവിക്കുകയായിരുന്നു. ഈ സമയത്ത് മറ്റാരും കൂടെ ഇല്ലാത്തത് കൊണ്ട് ഏറെ വൈകിയാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്.
പ്രാഥമിക ചികിത്സ പൂർത്തിയാക്കിയ ശേഷം അടിയന്തിര ശസ്ത്രക്രിയക്കായി റിയാദിലേക്ക് രോഗിയെ കിങ് സഊദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി. മുസ്തഫയുടെ സഹോദരനും കെ.എം.സി.സി വാദി ദവാസിർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റും സാമൂഹ്യ പ്രവർത്തകനുമായ സിദ്ധീഖ് കോഴിച്ചെനയെ വിവരം അറിയിക്കുകയും അനുമതി തേടുകയും ചെയ്തു.
വൈകാതെ വാദി ദവാസിറിലെ അഭ്യന്തര വിമാനത്താവളത്തിൽ എയർ ആംബുലൻസ് എത്തി. അപ്പോഴേക്കും മുസ്തഫുമായി സംഘം എയർപോർട്ടിൽ എത്തിയിരുന്നു. ഡോക്ടർമാരും നഴ്‌സുമാരും അടക്കമുള്ള മെഡിക്കൽ സംഘം ഉൾപ്പെട്ട ആംബുലൻസ് സർവ്വ സജ്ജതയോടെ റിയാദ് ലക്ഷ്യം വെച്ച് പറന്നുയർന്നു.
മുസ്തഫയെ തുടർ ചികിത്സക്ക് റിയാദിലേക്കാണ് മാറ്റുന്നതെന്നറിഞ്ഞപ്പോൾ സഹോദരൻ സിദ്ധീഖ് കോഴിച്ചെന റിയാദിലെ ജീവകാരുണ്യ പ്രവർത്തകൻ സിദ്ധീഖ് തുവ്വൂരുമായി ബന്ധപ്പെട്ടിരുന്നു. റിയാദിലെത്തിച്ച മുസ്തഫക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങൾ ഒരുക്കുന്നതിനും തുടർ ചികിത്സക്ക് നാട്ടിൽ കൊണ്ടുപോവുന്നതിനാവശ്യമായ രേഖകളെല്ലാം സിദ്ധീഖ് തുവ്വൂർ സമയബന്ധിതമായി പൂർത്തിയാക്കി. റിയാദിൽ ചികിത്സ തുടരുന്നതിനിടെ കൂടുതൽ ചികിത്സക്കായി മുസ്തഫയെ നാട്ടിൽകൊണ്ടുപോവാൻ തീരുമാനിക്കുകയായിരുന്നു. ശേഷം ഇദ്ദേഹത്തെ നാട്ടിലെത്തിച്ചു ഇപ്പോൾ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
അന്യദേശക്കാരനായ തന്റെ സഹോദരന് സൗദി അറേബ്യ നൽകിയ കരുതലും പരിഗണനയും അവിസ്മരണീയമാണ്. വിവേചനങ്ങളൊന്നുമില്ലാതെ മാനുഷിക പരിഗണന നൽകി ജീവൻ തിരിച്ചു തന്ന സൗദി ആരോഗ്യമന്ത്രാലയത്തോട് നന്ദി അറിയിക്കുന്നതായി സിദ്ധീഖ് കോഴിച്ചെന പറഞ്ഞു. സഹോദരന്റെ ജീവൻ രക്ഷിക്കാൻ ഇടപെട്ട വാദി ദാവാസറിലേയും റിയാദിലെയും ആരോഗ്യപ്രവർത്തകരോടും മറ്റ് സഹായങ്ങൾ ചെയ്ത സത്താർ ആലപ്പുഴ, അബ്ദുറഹ്മാൻ, നിയാസ് കൊട്ടപ്പുറം, സലിം പേരൂക്കര, അൻവർ വെണ്ണക്കോട് ഉൾപ്പടെയുള്ള സുമനസ്സുകളുടെ സേവനത്തിന് നന്ദിയും കടപ്പാടുമുണ്ടെന്ന് മുസ്തഫയുടെ കുടുംബം പറഞ്ഞു.
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുസ്തഫക്ക് ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്ന ആശുപത്രി ബില്ലിലെ തുക കാണുമ്പോൾ സൗദിയിൽ ലഭിച്ച സൗജന്യ സേവനത്തിന് എത്ര ലക്ഷത്തിന്റെ മൂല്യമുണ്ടാകുമെന്ന് നന്ദിയോടെ ഓർക്കുകയാണ് മുസ്തഫയും കുടുംബവും.
