ദുബൈ: മുൻ കേരള ടെന്നിസ് താരവും എറണാകുളം എളമക്കര സ്വദേശിനിയുമായ തൻവി ഭട്ട് (21) ദുബൈയിൽ ആത്മഹത്യ ചെയ്ത നിലയിൽ. 2012 ൽ ദോഹയിൽ നടന്ന അണ്ടർ 14 ഏഷ്യൻ സീരീസിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാമതെത്തിയിരുന്നു. നിരവധി ദേശീയ, സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ സ്വർണം നേടിയ താരം, പിന്നീട് മുട്ടുകാലിനേറ്റ പരിക്കിനെ തുടർന്ന് ടെന്നിസ് ലോകത്ത് നിന്ന് പിൻമാറിയിരുന്നു.
പരിക്കിനെ തുടർന്ന് രണ്ട് തവണ ശസ്ത്രക്രിയക്ക് വിധേയയാവുകയും ചെയ്‌തിരുന്നു. ഇതിനിടെ, 17ാം വയസിൽ നട്ടെല്ലിന് കൂടി പരിക്ക് ബാധിച്ചതോടെ ടെന്നിസ് ലോകത്ത് നിന്ന് താരം പൂർണമായും പിൻമാറി.
ദുബൈ ഹെരിയറ്റ്-വാട്ട് ആൻഡ് മിഡ്ൽസെക്സ് കോളജിലെ സൈക്കോളജി വിദ്യാർഥിനിയായിരുന്നു. പിതാവ് ഡോ: സഞ്ജയ് ഭട്ടും മാതാവ് ലൈലാനും സഹോദരൻ ആദിത്യയും മുൻ കേരള താരങ്ങളാണ്. മൃതദേഹ നാട്ടിലേക്ക് കൊണ്ടുപോയി.