ഏജന്റ് വഞ്ചിച്ചു, സഊദിയിൽ ദുരിതത്തിലായ അജ്മൽ പ്ലീസ് ഇന്ത്യ തണലിൽ നാട്ടിലെത്തി

0
2264

ദമാം: ഏജന്റിനാൽ വഞ്ചിക്കപ്പെട്ട് സഊദി അറേബ്യയിൽ ദുരിത ജീവിതത്തിൽ അകപ്പെട്ടമലയാളിക്ക് പ്ലീസ് ഇന്ത്യ തുണയായി. കൊല്ലം ജില്ലയിൽ വെളിയനല്ലൂർ സ്വദേശിയായ അജ്മൽ 24കാരനാണ് പ്ലീസ് ഇന്ത്യ പ്രവർത്തകരുടെ അക്ഷീണ പരിശ്രമത്തിനൊടുവിൽ ദുരിതം നീന്തിക്കടന്ന് നാട്ടിലെത്തിയത്. ഒന്നര വർഷത്തോളം ഇഖാമ എടുത്തു നൽകാതെയും മെഡിക്കൽ ഇൻഷുറൻസ് നൽകാത്തതിനാൽ ആശുപത്രിയിൽ പോകാനോ മറ്റ് ആവശ്യങ്ങൾക്ക് പുറത്തുപോകാനോ സാധിക്കാതെ ദുരിതത്തിലായിരുന്നു യുവാവ്. സഹോദരി മരണപെട്ട സമയത്ത് പോലും ഇഖാമ ഇല്ലാത്തതിനാൽ നാട്ടിൽ പോകാൻ പോലും കഴിഞ്ഞില്ല എന്നതും വളരെ ദു:ഖത്തോടെ അജ്മൽ സാമൂഹ്യ പ്രവർത്തകരോട് പറഞ്ഞു.

2020 ഫെബ്രുവരി 18 നാണ് യുവാവ് ദമാമിൽ എത്തിയത്. സഊദിയിൽ പ്ലാസ്റ്റിക് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്തു തിരുവനന്തപുരം സ്വദേശിയായ വിസ ഏജന്റ് മുഹമ്മദ് റാഫി 50,000 രൂപയും തിരുവനന്തപുരം വള്ളക്കടവിൽ മഹാഭാരത് എയർ ട്രാവൽ ഏജൻസി 48,000 രൂപയും വാങ്ങിയിരുന്നതായി അജ്മൽ പറഞ്ഞു. എന്നാൽ, ജീവിതം പച്ചപിടിക്കും എന്ന ശുഭപ്രതീക്ഷയിൽ സഊദിയിലെത്തിയ അജ്മലിന് നേരിടേണ്ടിവന്നത് ഇഖാമ പോലും ലഭിക്കാതെയുള്ള ദുരിതജീവിതം ആയിരുന്നു. ഉപ്പയും ഉമ്മയും ഉമ്മൂമയും അടങ്ങിയ നിർധന കുടുംബത്തിലെ അംഗമായ അജ്മൽ കടം വാങ്ങിയ തുകയാണ് ഏജന്റിന് ബാങ്ക് വഴി കൈമാറിയത്. തനിക്ക് നഷ്ടമായതുക തിരികെ ലഭിക്കുന്നത്തിനും നഷ്ടപരിഹാരത്തിനും അജ്മൽ നോർക്കയുമായി ബന്ധപ്പെട്ട് കൊല്ലം ഓയൂർ പൂയപ്പള്ളി പോലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്.

ദമാമിൽ വെമ്പിനാൽ പ്ലാസ്റ്റിക് കമ്പനി ജീവനക്കാരനായി എത്തിയ അജ്മലിന് കമ്പനി ഇഖാമ നൽകാതെ ഒന്നരവർഷത്തോളം തീരാദുരിതം സമ്മാനിക്കുകയും നാട്ടിലുള്ള ഏജൻസി അജ്മലിന്റെ കാര്യത്തിൽ ഇടപെടാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്ലീസ് ഇന്ത്യയുടെ നിരന്തര ഇടപെടൽ കൊണ്ട് അജ്മലിന് നാട്ടിലേക്കുള്ള യാത്ര സാധ്യമായത്. നോർക്കയുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ട്രാവൽസിനെതിരെ നടപടി എടുത്തതായി നോർക്കയുടെ ഭാഗത്ത് നിന്ന് അറിയിപ്പ് ലഭിച്ചതായി പ്ലീസ് ഇന്ത്യ അറിയിച്ചു.

കമ്പനിയിൽ നിന്നും സൗജന്യമായി കിട്ടുന്ന വിസയ്ക്ക് പ്രവാസികളിൽ നിന്നും ഭീമമായ തുക ഈടാക്കുന്ന ഏജന്റ് മാർക്കും ഏജൻസിക്കും എതിരെ നോർക്കയ്ക്ക് നിവേദനം സമർപ്പിക്കുമെന്നും പ്ലീസ് ഇന്ത്യ അറിയിച്ചു. പ്രവാസികളുടെ വിഷയത്തിൽ നോർക്കയുടെ ഇടപെടലിൽ പ്ലീസ് ഇന്ത്യ ചെയർമാൻ ലത്തീഫ് തെച്ചി നോർക്കയ്ക്ക് പ്രത്യേകം നന്ദി അറിയിച്ചു. ലത്തീഫ് തെച്ചിയോടൊപ്പം ഈസ്റ്റേൺ പ്രൊവിൻസ് കോർഡിനേറ്റർ രബീഷ് കോക്കല്ലൂർ, ഷാജി കൊമ്മേരി, അനസ്, അഡ്വ: ജോസ് എബ്രഹാം, അഡ്വ: റിജിജോയ്, അൻഷാദ് കരുനാഗപ്പള്ളി, നീതു ബെൻ, വിജയ ശ്രീരാജ്, മൂസാ മാസ്റ്റർ, സുധീഷ അഞ്ചുതെങ്ങ് എന്നിവർ വിവിധ ഘട്ടങ്ങളിൽ അജ്മലിന്റെ പ്രശ്നപരിഹാത്തിനായി ഇടപ്പെട്ടു.