റിയാദ്: പ്രവാസി ഇന്ത്യക്കാർക്കിടയിലെ സേവന പ്രവർത്തനങ്ങൾ മുൻനിർത്തി അബഹയിൽ രണ്ട് മലയാളി സാമൂഹിക പ്രവർത്തകർക്ക് സഊദി അധികൃതരുടെ അനുമോദനം. ദക്ഷിണ സഊദിയിലെ അറിയപ്പെടുന്ന പൊതുപ്രവർത്തകരായ അഷ്റഫ് കുറ്റിച്ചൽ, ബിജു ആർ. നായർ എന്നിവരെയാണ് അബഹ തർഹീൽ (നാടുകടത്തൽ കേന്ദ്രം) മേധാവി അനുമോദിച്ചത്. കോൺഗ്രസ് പ്രവാസി സംഘടനയായ ഒഐസിസി ദക്ഷിണമേഖല പ്രസിഡൻറും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വെൽഫയർ വിങ് അംഗവുമായ അഷ്റഫ് കുറ്റിച്ചലിനും ബിജെപി പ്രവാസി സംഘടനയുടെ പ്രവർത്തകനും ജിദ്ദ കോൺസുലേറ്റ് വിങ് അംഗവുമായ ബിജു കെ. നായർക്കും ആണ് അബഹ തർഹീൽ മേധാവി പ്രശംസാ പത്രം നൽകി അനുമോദിച്ചത്.
അബഹ തർഹീലിൽ എത്തുന്ന ഇന്ത്യൻ തടവുകാരെ നാട്ടിലേക്ക് അയക്കുന്നതിന് ആവശ്യമായ രേഖകളും മറ്റ് അനുബന്ധ രേഖകളും തയാറാക്കി നൽകുന്നതും കൊവിഡ് കാലത്തെ പ്രവർത്തനങ്ങളും കണക്കിലെടുത്താണ് ഇവരെ സൗഊദി പാസ്പോർട്ട് (ജവാസത്ത്) ഡയറക്ടറേറ്റിന് കീഴിലുള്ള തർഹീലിന്റെ അബഹ റീജനൽ ഡയറക്ടർ ജനറൽ കേണൽ മുഹമ്മദ് മാനഹ് അൽ ഖഹ്ത്വാനി അനുമോദിച്ചത്. കേണൽ സാലിം ഖഹ്ത്വാനിയും മറ്റു ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. ഇവർക്ക് പുറമേ ഒരു ഈജിപ്ഷ്യൻ പൗരനും അനുമോദനത്തിന് അർഹനായി.




