റിയാദ്: സഊദി വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ തീരുമാനപ്രകാരം രാജ്യത്തെ വിദ്യാലയങ്ങൾ തുറക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ സ്കുളുകൾ തുറക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് സഊദിയിലെ ഇന്ത്യൻ സ്ഥാനപതി ഡോ: ഔസാഫ് സഈദ് പറഞ്ഞു. ഇതിന്റെ മുന്നോടിയായി പ്രത്യേക അനുമതിയോടു കൂടി നാട്ടിലുള്ള അദ്ധ്യാപകർ സഊദിയിലേക്ക് നേരിട്ടെത്താൻ ആരംഭിച്ചിട്ടുണ്ട്. കിഴക്കൻ പ്രവിശയിലെ അൽ ഖോബാർ അൽ ഖൊസൈബി ഹോട്ടലിൽ ഇന്ത്യൻ ബിസിനസ് ഫോറം ഒരുക്കിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധ്യാപകർ എത്തിതുടങ്ങിയെങ്കിലും നിലവിൽ അവധിക്ക് പോയി സ്വദേശങ്ങളിൽ കഴിയുന്ന വിദ്യാർഥികളുടെ കാര്യം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. സ്കൂളുകൾ തുറക്കുന്നതിനു മുമ്പ് തന്നെ ഇവരെ സഊദിയിലേക്ക് നേരിട്ടെത്തുന്നതിനുള്ള അവസരമൊരുക്കുന്നതിനുള്ള ചർച്ചകൾ സഊദി വിദ്യാഭ്യാസ വകുപ്പുമായി നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. സഊദിയിൽ നീറ്റ് പരീക്ഷാ കേന്ദ്രം ഉടൻ അനുവദിക്കുമെന്നാണു പ്രതീക്ഷയെന്നും ഇത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയവുമായി ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധികം താമസിയാതെ സെൻറർ അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യോഗത്തിൽ ഇന്ത്യൻ ബിസിനസ് ഫോറം പ്രസിഡൻറ് സയ്യിദ് നവീദ് ഖനി അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾക്ക് വിവിധ വ്യക്തികളെ ആദരിച്ചു.




