സിംഗിൾ ഡോസ് വാക്സിന് ഇന്ത്യയിൽ അനുമതി, പക്ഷെ എല്ലാവർക്കും ലഭ്യമാകില്ല

0
2385

ന്യൂഡൽഹി: സിംഗിൾ ഡോസ് വാക്സിനായ ജോൺസൺ ആന്റ് ജോൺസന്റെ കൊവിഡ് വാക്സിന് ഇന്ത്യയിൽ അംഗീകാരം നൽകി. കമ്പനിയുടെ അഭ്യർത്ഥന പ്രകാരമാണ് ഇറക്കുമതി ചെയ്ത് വിതരണം നടത്താൻ സർക്കാർ അംഗീകാരം നൽകിയത്. ഇതോടെ ഇന്ത്യയിൽ അംഗീകാരം ലഭിക്കുന്ന അഞ്ചാമത്തെ വാക്സിനായി ജോൺസൺ ആന്റ് ജോൺസൺ.

എന്നാൽ, ഈ ഒറ്റ ഡോസ് വാക്സിൻ  ഇന്ത്യ അടിയന്തര ഉപയോഗത്തിന് മാത്രമാണ് അനുമതി നൽകിയത്. ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കൽ ഇ എന്ന കമ്പനിയുമായി ചേർന്നാണ് ഇന്ത്യയിൽ വാക്‌സിൻ വിതരണം ചെയ്യുക. കഴിഞ്ഞ വ്യാഴാഴ്ചയാണ് കമ്പനി അപേക്ഷ തേടി സമർപ്പിച്ചത്.

കൊവിഷീൽഡ്, കൊവാക്സിൻ, മോഡേർണ, സ്പുട്നിക് വി എന്നിവയാണ് ഇന്ത്യ അംഗീകരിച്ച മറ്റു വാക്സിനുകൾ. രാജ്യത്തെ കൊവിഡ് വിരുദ്ധ പോരാട്ടത്തിന് കരുത്തുപകരുന്നതാണ് ജോൺസൻ ആന്റ് ജോൺസൺ വാക്സിൻ കൂടി ഇന്ത്യയിൽ ലഭിക്കുന്നതെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി മൻസുഖ് മാന്ദവ്യ വ്യക്തമാക്കി.

തങ്ങളുടെ വാക്സിന് 66 ശതമാനം ഫലപ്രാപ്തിയുള്ളതായി ജോൺസൻ ആന്റ് ജോൺസൺ അവകാശപ്പെടുന്നു. യുഎസിൽ വാക്സിന് 72 ശതമാനം വരെ ഫലപ്രാപ്തി ലഭിച്ചിരുന്നതായും കമ്പനി പറയുന്നു.