സഊദി പ്രവാസികളെ വഞ്ചിച്ച് വീണ്ടും ട്രാവൽ ഏജൻസി, കൊച്ചിയിൽ നിരവധി പേരുടെ യാത്ര മുടങ്ങി

0
6062

കൊച്ചി: മാലിദ്വീപ് വഴി സഊദി അറേബ്യയിലേക്ക് പോകാനെത്തിയവരുടെ യാത്ര മുടങ്ങി. ട്രാവൽസ് ഏജൻസിയുടെ ചതിയാണ് പ്രവാസികളുൾടെ യാത്ര മുടങ്ങാൻ കാരണം. നെടുമ്പാശ്ശേരിയില്‍ നിന്ന് ഉച്ചയ്ക്ക് 1.30 നുള്ള വിമാനത്തിന് പോകാനെത്തിയവരുടെ യാത്രയാണ് മുടങ്ങിയത്. ടിക്കറ്റ് നല്‍കാമെന്നേറ്റ ഡ്രീം വിംഗ്സ് എന്ന ട്രാവല്‍ ഏജന്‍സി വഞ്ചിച്ചെന്ന് യാത്രക്കാർ പപരാതിപ്പെട്ടു. യാത്രക്കാരിൽ ഇതര സംസ്ഥാനക്കാരായ പ്രവാസികളും ഉണ്ടായിരുന്നു. 1.30 ലക്ഷം രൂപ മുടക്കി പാക്കേജ് എടുത്തവരാണ് യാത്ര പോകാൻ കഴിയാതെ ദുരിതത്തിലായതിന്. മുപ്പതോളം പേരുടെ യാത്രയാണ് മുടങ്ങിയത്.

ഏജൻസി പ്രതിനിധി ടിക്കറ്റ് നേരിട്ടെത്തി കൈമാറാമെന്നായിരുന്നു യാത്രക്കാരോട് അറിയിച്ചിരുന്നത്. എന്നാൽ, സമയമടുത്തിട്ടും ടിക്കറ്റ് ലഭ്യമായില്ല.”രണ്ട് പേര്‍ സഹായിക്കാനുണ്ടാകും, അവര്‍ മാലിദ്വീപ് വരെ കൂടെയുണ്ടാകുമെന്നാണ് ട്രാവല്‍ ഏജന്‍സി അറിയിച്ചത്. നമ്പറും തന്നു. ഫോണ്‍ വിളിച്ചപ്പോള്‍ എടുത്തില്ല. ട്രാവല്‍ ഏജന്‍സിയിലേക്ക് നിരന്തരം വിളിച്ചപ്പോള്‍ ഉടനെത്തുമെനന്നായിരുന്നു പ്രതികരണമെന്ന്” യാത്രക്കാർ പറഞ്ഞു. രാവിലെ 10 മണിക്ക് വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാർ മണിക്കൂറുകളോളമാണ് വിമാനത്താവളത്തിൽ കഴിഞ്ഞത്. കുട്ടികളും സ്ത്രീകളുമൊക്കെ ഭക്ഷണം പോലും കഴിക്കാതെ ഇനി എന്തുചെയ്യുമെന്നറിയാതെയിരിക്കുകയാണ്. യാത്രക്കാർ നെടുമ്പാശേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം, യാത്രക്കാർക്ക് പണം തിരിച്ചുനൽകുമെന്നാണ് ഏജൻസിയുടെ വിശദീകരണം.

പ്രവാസികളോട് ട്രാവൽസ് ഏജൻസികൾ കാണിക്കുന്ന ചതി തുടർകഥയായി മാറിയിരിക്കുകയാണ്. നിരവധി തവണയാണ് പല ട്രാവൽസുകൾ സഊദി യാത്രക്കാരെ പറ്റിച്ചത്. സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇത്തരം ട്രാവൽസുകൾക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യം ഉയർന്ന കഴിഞ്ഞു. നേരത്തെയും നിരവധി സർവീസുകളിൽ ട്രാവൽസുകളുടെ അനാസ്ഥ മൂലം ഉടലെടുത്ത ദുരിത കഥകൾ മലയാളംപ്രസ് ഉൾപേപ്പടെയുള്ള മാധ്യമങ്ങൾ പുറത്തെത്തിച്ചിരുന്നു.