തൊഴിൽ നൈപുണ്യ പരീക്ഷ; ആറ് തൊഴിൽ മേഖല കൂടി ഉൾപ്പെടുത്തി

0
5147

റിയാദ്: സഊദിയിൽ തൊഴിലാളികൾ യോഗ്യതയുള്ളവരായിരിക്കണമെന്ന ലക്ഷ്യത്തോടെ തൊഴിൽ മന്ത്രാലയം ആവിഷ്‌കരിച്ച തൊഴിൽ യോഗ്യത പരീക്ഷയിൽ കൂടുതൽ മേഖലകൾ ഉൾപ്പെടുത്തി. എയർ കണ്ടീഷനിംഗ്, വെൽഡിങ്, കാർപെന്ററി, കാർ മെക്കാനിക്, കാർ ഇലക്ട്രിക്കൽ, പെയിന്റിംഗ് എന്നീ കാറ്റഗറികൾ കൂടിയാണ് പരീക്ഷ ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. ഇതോടെ പരീക്ഷയിൽ ഉൾപ്പെടുത്തിയ കാറ്റഗറികളുടെ എണ്ണം എട്ടായി ഉയർന്നു. പുതുതായി ചേർത്ത ആറു കാറ്റഗറികളിലെ 120 പ്രൊഫഷനുകളാണ് തൊഴിൽ നൈപുണ്യ പരീക്ഷ നിർബന്ധമായത്. ഓരോ കാറ്റഗറിക്കു കീഴിലേയും പ്രൊഫഷനുകൾ അറിയാൻ ഈ ലിങ്കിൽ https://svp.qiwa.sa/en/pages/categories_and_occupations കയറാവുന്നതാണ്.

നിലവിൽ ഇത് വരെ 225 പ്രൊഫഷനുകളാണ് ഈ പരീക്ഷയുടെ പരിധിയിൽ ഉൾപ്പെട്ടത്. 23 തൊഴിൽ കാറ്റഗറികളിലായി ആയിരത്തിലധികം പ്രൊഫഷനുകളാണ് പരീക്ഷയിൽ ഉൾപ്പെടുകയെന്നു നേരത്തെ തന്നെ തൊഴിൽ മന്ത്രാലയം അറിയിച്ചിരുന്നു. ഒരു സ്ഥാപനത്തെയും പരീക്ഷയിൽ നിന്ന് ഒഴിവാക്കിയിട്ടില്ല. ഇലക്ട്രിക്, പ്ലംബിങ്, മെക്കാനിക്, റഫ്രിജറേഷൻ, എയർ കണ്ടീഷനിങ്, മെഷിനറി മെയിൻറനൻസ്, ഇലക്ട്രോണിക്സ്, കമ്യൂണിക്കേഷൻസ്, വെൽഡിങ്, ഖനനം, നിർമ്മാണ ജോലികൾ എന്നിവ മുൻനിര തൊഴിലുകളിലുൾപ്പെടുന്നുണ്ട്. എന്നാൽ ഘട്ടം ഘട്ടമായായിരിക്കും ഉൾപ്പെടുത്തുക.

ആദ്യ ഘട്ടത്തിന് ജൂലൈ തുടക്കത്തിൽ തുടക്കമായിരുന്നു. ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങളെ അഞ്ചു വിഭാഗമായി തരംതിരിച്ചാണ് യോഗ്യതാ പരീക്ഷ നിർബന്ധമാക്കുന്നത്. മൂവായിരവും അതിൽ കൂടുതലും ജീവനക്കാരുള്ള കമ്പനികളിലെ തൊഴിലാളികൾക്കാണ് ജൂലായ് മുതൽ നടപ്പിലാത്. 500 മുതൽ 2,999 വരെ ജീവനക്കാരുള്ള വലിയ സ്ഥാപനങ്ങൾക്ക് സെപ്റ്റംബർ ഒന്നു മുതലും 50 മുതൽ 499 വരെ ജീവനക്കാരുള്ള ഇടത്തരം സ്ഥാപനങ്ങൾക്ക് ഒക്‌ടോബർ ഒന്നു മുതലും ആറു മുതൽ 49 വരെ ജീവനക്കാരുള്ള എ വിഭാഗം ചെറുകിട സ്ഥാപനങ്ങൾക്ക് നവംബർ മൂന്നു മുതലും ഒന്നു മുതൽ അഞ്ചു വരെ ജീവനക്കാരുള്ള ബി വിഭാഗം ചെറുകിട സ്ഥാപനങ്ങൾക്ക് ഡിസംബർ ഒന്നു മുതലും തൊഴിൽ യോഗ്യതാ പരീക്ഷ നിർബന്ധമാകുക. 2022 തുടക്കത്തോടെ രാജ്യത്തെ മുഴുവൻ തൊഴിലാലാളികളും പരീക്ഷ വിജയിച്ച സ്‌കിൽഡ് ആയവർ ആയിരിക്കണമെന്നാണ് മന്ത്രാലയം കണക്ക് കൂട്ടുന്നത്.

മൂന്ന് തവണയാണ് അവസരം നൽകുക. മൂന്നാം തവണയും പരാജയപ്പെടുന്നവരെ തൊഴിൽ യോഗ്യതയില്ലാത്തവരായി കണക്കാക്കി രാജ്യത്തു നിന്ന് പുറത്താക്കും. ദേശീയ സമ്പദ്‌വ്യവസ്ഥക്ക് വലിയ ഭാരം സൃഷ്ടിക്കുന്ന, തൊഴിൽ നൈപുണ്യമില്ലാത്ത തൊഴിലാളികളിൽ നിന്ന് പ്രാദേശിക തൊഴിൽ വിപണിയെ മുക്തമാക്കാനാണ് സഊദി അറേബ്യ ആഗ്രഹിക്കുന്നതെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ തകാമുൽ ബിസിനസ് സർവീസ് കമ്പനിയിൽ പ്രൊഫഷനൽ ടെസ്റ്റ് വിഭാഗം വ്യക്തമാക്കിയിരുന്നു.

“സഊദിയിൽ വിദേശികൾക്കുള്ള യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടത്തിനു തുടക്കമായി”

‘യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം മുവ്വായിരത്തിലധികം തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്ക്’