ധാക: ബംഗ്ലാദേശ് പൗരനെ റിയാദിൽ കഴുത്തറുത്ത് നിലയിൽ കണ്ടെത്തി. താമസിക്കുന്ന വീട്ടിൽ കയറിയ അക്രമി സാകിർ ഹുസൈൻ ഗാസിയെന്ന യുവാവിനെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഏറെ നേരമായിട്ടും നാട്ടിൽ നിന്ന് ബന്ധപ്പെടാൻ ശ്രമം നടത്തിയെങ്കിലും ഫോണിൽ ലഭ്യമല്ലാതായതോടെ സഊദിയിലെ ബന്ധുക്കളെ വിവരമറിയിച്ചിരുന്നു. തുടർന്ന് ബന്ധുക്കൾ യുവാവിന്റെ താമസ കേന്ദ്രത്തിൽ എത്തിയപ്പോഴാണ് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയതെന്ന് ബന്ധുക്കളെ ഉദ്ധരിച്ച് bdnews24.com റിപ്പോർട്ട് ചെയ്‌തു.
2008 മുതൽ സഊദിയിൽ പ്രവാസിയായിരുന്ന സാകിർ തന്റെ സഹോദരന്റെ വിവാഹത്തിനായി രണ്ടര വർഷം മുമ്പാണ് അവസാനമായി ബംഗ്ലാദേശിലേക്ക് പോയത്. വിവാഹം കഴിക്കാനുള്ള ഒരുക്കങ്ങളുമായി വീട് പണി പൂർത്തീകരിക്കുകയും വധുവിനെ കണ്ടെത്തുകയും ചെയ്‌തിരുന്നു. ഇതിനായി ഉടൻ നാട്ടിലേക്ക് പോകാനിരിക്കെയാണ് ദാരുണ കൊലപാതകമെന്ന് പത്രം റിപ്പോർട്ട് ചെയ്‌തു.