പത്ത് ദിവസത്തെ ഡിസ്‌കവർ ഖത്തർ പാക്കേജ് 3,500 മുതൽ 4,000 റിയാൽ വരെ, സഊദി പ്രവാസികൾക്ക് യാത്രാ ചിലവ് കുത്തനെ ഉയരും

0
2845

റിയാദ്: ഖത്തറിൽ എത്തുന്ന മുഴുവൻ ആളുകൾക്കും നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ ബാധകമായതോടെ ഖത്തറിലെത്തുന്നവർ ഖത്തറിന്റെ ഡിസ്‌കവർ ഖത്തർ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്‌തു തുടങ്ങി. ഇന്ത്യ ഉൾപ്പെടെ ആറ്​ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നിബന്ധിത ക്വാറന്റൈൻ ഇന്നലെയാണ് പ്രാബല്യത്തിലായത്. ഇന്ത്യക്കു പുറമെ, ശ്രീലങ്ക, നേപ്പാൾ, പാകിസ്​താൻ, ബംഗ്ലാദേശ്​, ഫിലിപ്പീൻസ്​ എന്നീ കിഴക്കനേഷ്യൻ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്കാണ്​ നിർബന്ധിത ക്വാറന്റൈൻ ബാധകമാക്കിയത്​.

നിലവിൽ ദോഹയിൽ വിമാനമിറങ്ങുന്നവരിൽ ഖത്തറിൽ നിന്ന്​ രണ്ടുഡോസ്​ വാക്​സിൻ സ്വീകരിച്ചവർക്കും ഇവിടെനിന്ന്​ കൊവിഡ്​ ബാധിച്ച്​ ഭേദമായവർക്കും രണ്ടു ദിവസ ഹോട്ടൽ സമ്പർക്ക വിലക്ക് ബാധകമാണ്. രണ്ടാം ദിവസം ആർ.ടി.പി.സി.ആർ പരിശോധന ഫലം നെഗറ്റിവായാൽ പുറത്തിറങ്ങാം. എന്നാൽ, ഖത്തറിന്​ പുറത്ത് വിദേശ രാജ്യങ്ങളിൽ നിന്നും വാക്​സിൻ എടുത്ത യാത്രക്കാർക്ക്​ 10 ദിവസമാണ്​ ഹോട്ടൽ ക്വാറന്റൈൻ. രാജ്യത്തിന്​ പുറത്തുനിന്ന്​ കൊവിഡ്​ ഭേദമായി മടങ്ങിയെത്തുന്നവർക്കും ഇതേ ചട്ടം ബാധകമാവും. ഇന്ത്യയിൽ നിന്നടക്കം ഓൺ അറൈവൽ, സന്ദർശക വിസയിലുള്ള യാ​​ത്രക്കാർക്കും 10 ദിവസ സമ്പർക്കവിലക്ക് നിർബന്ധമാവും.

ഇതോടെ, സഊദിയടക്കം വിവിധ രാജ്യങ്ങളിലെക്ക് എത്തുന്ന പ്രവാസികൾക്ക് ചിലവ് കുത്തനെ ഉയരും. രണ്ടു ദിവസത്തെ ഹോട്ടൽ ക്വാറന്റൈന് 1,034 റിയാൽ മുതൽ 1,814 വരെയാണ്​ വിവിധ സ്​റ്റാർ ഹോട്ടലുകളിലെ നിരക്ക്​. സഊദി ഉൾപ്പെടെയുള്ള വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് പോകുന്ന ഓൺ അറൈവൽ വിസയിൽ എത്തുന്നവർക്ക് പത്ത് ദിവസത്തെ ക്വാറന്റൈൻ പാക്കേജിന് 3,524 മുതൽ 4,077 ഖത്തർ റിയാൽ വരെയാണ് നിരക്ക്. 10 ദിവസം രാത്രി ഹോട്ടൽ താമസം, എയർപോർട്ട് കൈമാറ്റങ്ങൾ, ഫുൾ ബോർഡ് അടിസ്ഥാനത്തിൽ ഭക്ഷണം എന്നിവയാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇതോടെ സഊദി പ്രവാസികളുടെ ഖത്തർ വഴിയുള്ള യാത്രക്കുള്ള ചിലവ് 75,000 രൂപയോളം അധികമാകും.

ഡിസ്‌കവർ ഖത്തറിൽ ഡിമാന്റ് കൂടുന്നതിനനുസരിച്ച് നിരക്ക് കൂടുന്നതായാണ് അനുഭവസ്ഥർ പറയുന്നത്. ഇത് ശരിയാണെങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾ എത്തുന്നതോടെ ഈ നിരക്ക് ഇവിടെ നിന്നും കുതിക്കുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കിൽ സഊദിയടക്കമുള്ള പ്രവാസികൾക്ക് ഖത്തർ യാത്ര അത്ര അനുയോജ്യമാകില്ല എന്നാണു കരുതുന്നത്.