ദോഹ: ഖത്തറിൽ കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദം സ്ഥിരീകരിച്ചു. ഹമദ് ജനറല്‍ ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസഫ് അല്‍ മസ്‌ലമനിയാണ് ഇക്കാര്യം വെളുത്തിപ്പെടുത്തിയത്. അതേസമയം, അതിവേഗത്തിലുള്ള ശക്തമായ വാക്‌സിനേഷന്‍ നടപടി സമൂഹത്തിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്തിയതായും ഡെല്‍റ്റ വകഭേദത്തിന്റെ വരവ് വൈകിപ്പിക്കുന്നതില്‍ ഖത്തർ വിജയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ഫെബ്രുവരിയില്‍ ലോകത്ത് ആദ്യമായി കണ്ടെത്തിയ അതിമാരകമായ ഡെല്‍റ്റ വകഭേദം നാല് മാസങ്ങള്‍ക്ക് ശേഷമാണ് ഖത്തറിലെത്തിയത്. ഈ കാലയളവിനിടെ തന്നെ ധാരാളം ആളുകള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാനായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ ഖത്തറിൽ 12 വയസ്സിന് മുകളിലുള്ള 85 ശതമാനം ആളുകൾക്ക് കുറഞ്ഞത് ഒരു ഡോസ് വാക്സിനുകൾ ലഭിച്ചു, ഇത് ഒരു വലിയ സംഖ്യയാണ്, കൂടാതെ ധാരാളം ആളുകൾ രണ്ട് ഡോസുകളും എടുത്തിട്ടുണ്ട്, ഇത് മികച്ച സംരക്ഷണം നൽകാൻ സഹായിച്ചുവെന്നും ഖത്തർ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
രാജ്യത്ത് നാലാം ഘട്ടം കൊവിഡ് നിയന്ത്രണങ്ങൾ നീക്കുന്നത് സംബന്ധിച്ചും അദ്ദേഹം വെളിപ്പെടുത്തി. ഖത്തർ ആശ്രയിക്കുന്ന ചില മാനദണ്ഡങ്ങളുണ്ട്, അത് സമൂഹത്തിലെ പകർച്ചവ്യാധിയുടെ തോത് അറിയാൻ ഞങ്ങളെ സഹായിക്കുന്നു, അതിന്റെ അടിസ്ഥാനത്തിലാണ് അടുത്ത ഘട്ടത്തിലേക്ക് നീങ്ങാനും പൊതുജനങ്ങൾക്കായി കൂടുതൽ നിയന്ത്രണ ലഘൂകരണം വരുത്തലും ഉണ്ടാവുകയെന്ന് അദ്ദേഹം പറഞ്ഞു.