ഇന്ത്യയിൽ നിന്നുള്ളവർക്ക് ഖത്തറിൽ നിർബന്ധിത ക്വാറന്റൈൻ പ്രാബല്യത്തിലായി

0
2401

ദോഹ: ഇന്ത്യ ഉൾപ്പെടെ ആറ്​ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഖത്തറിൽ നിബന്ധിത ക്വാറന്റൈൻ പ്രാബല്യത്തിലായി. വെള്ളിയാഴ്​ച ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ച പുതിയ യാത്രനയങ്ങൾ പ്രകാരമുള്ള മാറ്റങ്ങൾ ഇന്നലെ ഉച്ചയോടെയാണ് പ്രാബല്യത്തിലായത്. ഇന്ത്യക്കു പുറമെ, ശ്രീലങ്ക, നേപ്പാൾ, പാകിസ്​താൻ, ബംഗ്ലാദേശ്​, ഫിലിപ്പീൻസ്​ എന്നീ കിഴക്കനേഷ്യൻ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്കാണ്​ നിർബന്ധിത ക്വാറന്റൈൻ ബാധകമാക്കിയത്​.

നിലവിൽ ദോഹയിൽ വിമാനമിറങ്ങുന്നവരിൽ ഖത്തറിൽ നിന്ന്​ രണ്ടു ഡോസ്​ വാക്​സിൻ സ്വീകരിച്ചവർക്കും ഇവിടെനിന്ന്​ കൊവിഡ്​ ബാധിച്ച്​ ഭേദമായവർക്കും രണ്ടു ദിവസ ഹോട്ടൽ ക്വാറന്റൈൻ ബാധകമാണ്. രണ്ടാം ദിവസം ആർ.ടി.പി.സി.ആർ പരിശോധന ഫലം നെഗറ്റിവായാൽ പുറത്തിറങ്ങാം. എന്നാൽ, ഖത്തറിന്​ പുറത്ത് വിദേശ രാജ്യങ്ങളിൽ നിന്നും വാക്​സിൻ എടുത്ത യാത്രക്കാർക്ക്​ 10 ദിവസമാണ്​ ഹോട്ടൽ ക്വാറന്റൈൻ. രാജ്യത്തിന്​ പുറത്തു നിന്ന്​ കൊവിഡ്​ ഭേദമായി മടങ്ങിയെത്തുന്നവർക്കും ഇതേ ചട്ടം ബാധകമാവും. ഇന്ത്യയിൽ നിന്നടക്കം ഓൺ അറൈവൽ, സന്ദർശക വിസയിലുള്ള യാ​​ത്രക്കാർക്കും 10 ദിവസ സമ്പർക്കവിലക്ക് നിർബന്ധമാവും.

ജൂൺ 12ന്​ നടപ്പായ യാത്രനയത്തിനു പിന്നാലെ, ഓൺ അറൈവൽ വിസ അനുവദിച്ചു തുടങ്ങിയതോടെ ഖത്തർ വഴി സഊദി അറേബ്യ, യു.എ.ഇ, ഒമാൻ എന്നിവിടങ്ങളിലേക്ക്​ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളുടെ കുത്തൊഴുക്ക് ആരംഭിച്ചതോടെയാണ് നിർബന്ധിത ക്വാറന്റൈൻ പരിഷ്​കാരം നടപ്പാക്കിയത്​.

നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ പ്രാബല്യത്തിൽ വന്നെങ്കിലും ആറു രാജ്യങ്ങളിൽ നിന്നും വിമാനങ്ങൾ ഫുൾബുക്കിങ്ങിൽ തന്നെ ദോഹയിൽ ഇറങ്ങുന്നത്. കേരളത്തിൽ നിന്ന് കൊച്ചി, കോഴിക്കോട്​, കണ്ണൂർ എന്നിവിടങ്ങളിൽ നിന്ന്​ നേരത്തെ തന്നെ ടിക്കറ്റ്​ കഴിഞ്ഞതിനാൽ ബാംഗ്ലൂർ, ചെന്നൈ, മുംബൈ, ഡൽഹി എന്നിവ വഴിയും മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ദോഹയിലിറങ്ങി. ഡിസ്​കവർ ഖത്തർ വഴിയുള്ള ഹോട്ടൽ സമ്പർക്കവിലക്ക് ബുക്കിങ്ങും സജീവമായി.