ദോഹ: തിങ്കളാഴ്ച മുതൽ ഇന്ത്യ ഉൾപ്പെടെ ആറ് ഏഷ്യൻ രാജ്യങ്ങളിലെ യാത്രക്കാർക്ക് ക്വാറൻറീൻ നിർബന്ധമാക്കിയതിനു പിന്നാലെ ഡിസ്കവർ ഖത്തർ വഴി ഹോട്ടൽ ബുക്കിങ് ആരംഭിച്ചു. രണ്ട് ദിവസ ക്വാറൻറീന് 1,034 റിയാൽ മുതൽ 1,814 വരെയാണ് വിവിധ സ്റ്റാർ ഹോട്ടലുകളിലെ നിരക്ക്. ഖത്തറിൽനിന്നു വാക്സിൻ സ്വീകരിച്ചവർക്കും കൊവിഡ് വന്ന് ഭേദമായവർക്കും രണ്ടും ദിവസമാണ് ഹോട്ടൽ ക്വാറൻറീൻ. ഇതോടെ, രണ്ടു ദിവസത്തെ സ്പെഷൽ പാക്കേജുകളുമായി ഡിസ്കവർ ഖത്തർ ശനിയാഴ്ച മുതൽ ബുക്കിങ് തുടങ്ങി. രണ്ടുദിവസ ക്വാറൻറീന് ശേഷം ആർ.ടി.പി.സി.ആർ പരിശോധനയിൽ നെഗറ്റിവ് ആയാൽ വീട്ടുകളിലേക്ക് മടങ്ങാം. ബുക്കിങ്ങിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ഓൺ അറൈവൽ വിസയിൽ എത്തുന്നവർക്കും ഖത്തറിന് പുറത്തുനിന്ന് വാക്സിൻ സ്വീകരിച്ചവർക്കും 10 ദിവസമാണ് ക്വാറൻറീൻ. പത്ത് ദിവസത്തെ ഹോട്ടൽ ക്വാറന്റൈൻ ആൺ നിർബന്ധമായത്. ഇതിനായി 3,524 മുതൽ 4,077 ഖത്തർ റിയാൽ വരെയാണ് നിരക്ക്. 10 ദിവസം രാത്രി ഹോട്ടൽ താമസം, എയർപോർട്ട് കൈമാറ്റങ്ങൾ, ഫുൾ ബോർഡ് അടിസ്ഥാനത്തിൽ ഭക്ഷണം എന്നിവയാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്.
വെബ്സൈറ്റിൽ പുതിയ മാനദണ്ഡങ്ങൾ ബാധകമായ രാജ്യങ്ങളുടെ ദേശീയ പതാകകളുടെ ഗ്രാഫിക്സോടെ തന്നെ പ്രത്യേക ബുക്കിങ് സംവിധാനമാണ് ആരംഭിച്ചത്. തിങ്കളാഴ്ച ഉച്ച 12 മുതലാണ് പുതിയ ഭേദഗതി പ്രാബല്യത്തിൽ വന്നത്. ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, പാകിസ്തൻ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽനിന്നുള്ളവരുടെ യാത്രയിലാണ് പുതിയ ക്വാറൻറീൻ ഭേദഗതി നടപ്പായത്.




