ഇമ്മ്യൂൺ ആകാത്ത തൊഴിലാളികൾ ?; സ്ഥാപനങ്ങൾക്ക് മാർഗ്ഗ നിർദേശങ്ങൾ പുറത്തിറക്കി മന്ത്രാലയം

വീട്ടിലിരുന്ന് ജോലി, ശമ്പളം കട്ട് ചെയ്യൽ, തൊഴിൽ കരാർ റദ്ദാക്കൽ തുടങ്ങിയ നടപടികൾ നേരിടണം

0
3411

റിയാദ്: ഇന്ന് മുതൽ തൊഴിലിടങ്ങളിലും ഓഫീസുകളിലും കടകളിലും അടക്കം പ്രവേശനത്തിന് വാക്‌സിൻ സ്വീകരിക്കണമെന്ന നിബന്ധന നിര്ബന്ധമാക്കിയതോടെ ഇത് വരെ കുത്തിവെപ്പ് എടുക്കാത്ത തൊഴിലാളികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന നിർദേശങ്ങളുമായി മാനവശേഷി മന്ത്രാലായം. തവക്കൽന ആപ്ലിക്കേഷൻ അനുസരിച്ച് ആരോഗ്യ സ്ഥിതി ഇമ്മ്യൂൺ ആകാത്തവരെ എങ്ങനെ നേരിടണമെന്ന് നിർദേശങ്ങളാണ്‌ മന്ത്രാലയം തൊഴിലുടമകളെ അറിയിച്ചിരിക്കുന്നത്. വാക്‌സിന്‍ എടുക്കുന്നതില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഇത്തരം സന്ദർഭങ്ങളിൽ നിര്‍ദ്ദിഷ്ട നടപടിക്രമങ്ങള്‍ ബാധകമാകാത്ത രൂപത്തിലാണ് നിർദേശങ്ങൾ പുറത്തിറക്കിയത്.

സ്വകാര്യ മേഖലയിൽ ആദ്യ ഘട്ടമെന്നോണം ഇത്തരം തൊഴിലാളികളോട് വീട്ടിലിരുന്നു ജോലി ചെയ്യാൻ ആവശ്യപ്പെടാം. പിന്നീട് ഓഗസ്റ്റ് ഒമ്പത് തിങ്കളാഴ്ച മുതല്‍ നിര്‍ബന്ധിത അവധി നൽകുകയും ഈ അവധി ദിനങ്ങള്‍ വാര്‍ഷിക അവധിയില്‍ നിന്ന് കുറക്കുകയും വേണം. എന്നാൽ, വാര്‍ഷിക അവധി ദിനങ്ങള്‍ പൂര്‍ത്തിയായാല്‍ അവധി ദിനത്തിലെ ശമ്പളം കട്ട് ചെയ്യണം. ജീവനക്കാരും തൊഴിലുടമയും പ്രത്യേകമായി വ്യവസ്ഥ ചെയ്തിട്ടില്ലെങ്കില്‍ ഈ അവധി 20 ദിവസത്തിലധികമായാല്‍ തൊഴില്‍ കരാര്‍ താത്കാലികമായി നിര്‍ത്തിവെച്ചതായി കണക്കാക്കുകയും ചെയ്യും.

എന്നാൽ, സര്‍ക്കാര്‍ ജോലിയുള്ളവര്‍ വാക്‌സിനെടുത്തിട്ടില്ലെങ്കില്‍ ആദ്യഘട്ടത്തില്‍ ഇവരോടും വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആവാശ്യപ്പെടും. ഓഗസ്റ്റ് ഒമ്പത് തിങ്കളാഴ്ച മുതല്‍ നിര്‍ബന്ധിത അവധി നല്‍കണം. ഈ അവധി ദിനങ്ങള്‍ തൊഴിലായിയുടെ വാര്‍ഷിക അവധിയില്‍ നിന്ന് കുറക്കുകയും വാര്‍ഷിക അവധി ദിനങ്ങള്‍ പൂര്‍ത്തിയായാല്‍ കാരണ സഹിതം ജോലിക്ക് ഹാജരായില്ലെന്ന് കാണിച്ച് ശമ്പളം റദ്ദാക്കുകയും ചെയ്യും.