ബുറൈദ: കാറിലിരുന്ന വനിതയെ നോക്കി മാന്യതക്ക് നിരക്കാത്ത ചേഷ്ടകൾ കാണിച്ച പ്രവാസി പോലീസ് പിടിയിൽ. തന്റെ ചേഷ്ടകൾ യുവതി വീഡിയോ റെക്കോർഡ് ചെയ്യുന്നുവെന്ന് മനസിലാക്കിയതോടെ യുവാവ് സ്ഥലം കാലിയാക്കിയെങ്കിലും പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതി റെക്കോർഡ് ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച്, യുവാവിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സംഭവം ശ്രദ്ധയിൽ പെട്ട പോലീസ് പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പാകിസ്ഥാൻ സ്വദേശിയായ യുവാവ് പിടിയിലായത്.
ഖസീമിലാണ് സംഭവം അരങ്ങേറിയത്. യുവതി കാറിലുണ്ടെന്ന് മനസിലാക്കിയ ഇദ്ദേഹം യുവതിക്ക് നേരെ നിന്ന് മാന്യതക്ക് നിരക്കാത്തത് പലവിധ ചേഷ്ടകൾ കാണിക്കുകയായിരുന്നു. പിന്നീട് യുവതി റെക്കോർഡ് ചെയ്യുന്നുവെന്ന് മനസ്സിലാക്കിയതോടെ ഫോൺ കയ്യിലെടുത്ത് ഫോൺ വിളിക്കുന്നുവെന്ന തരത്തിൽ ഇവിടെ നിന്നും രക്ഷപെടുകയായിരുന്നു. ഇസ്‌ലാമിക മൂല്യത്തിന് നിരക്കാത്ത തരത്തിലുള്ള ചേഷ്ടകളാണ് നാൽപതു കാരനായ ഇദ്ദേഹം നടത്തിയെതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. സംഭവം യുവതി സോഷ്യൽ മീഡിയയിൽ പങ്കു വെച്ചതിനു പിന്നാലെ യുവാവിനെ കണ്ടെത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഖസീം പ്രവിശ്യ പോലീസ് മാധ്യമ വക്താവ് കേണൽ ബദ്ർ അൽ ശുഹൈബാനി അറിയിച്ചു.
സംഭവം ശ്രദ്ധയിൽ പെട്ട പബ്ലിക് പ്രോസിക്യൂഷനും ഇടപെട്ടിരുന്നു. ക്രിമിനൽ പ്രൊസീഡിയർ കോഡ് ആർട്ടിക്കിൾ 15, 17 അടിസ്ഥാനമാക്കിയാണ് യുവാവിനെതിരെ നടപടിയെടുത്തിരിക്കുന്നത്. ഇത്തരം പെരുമാറ്റങ്ങൾ ശിക്ഷ ആവശ്യമുള്ള വലിയ കുറ്റകൃത്യങ്ങളായി കണക്കാക്കപ്പെടുന്നുവെന്നും കൂടാതെ അവ പൊതുസ്ഥലത്ത് സംഭവിക്കുന്നതിനാൽ ശിക്ഷയ്ക്കുള്ള ഗുരുതരമായ സാഹചര്യമാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങൾക്ക് 5 വർഷം വരെ തടവും 300,000 റിയാൽ പിഴയും ശിക്ഷ ലഭിക്കും.
വീഡിയോ