പുറത്തിറങ്ങാൻ തവക്കൽനയിൽ ഇമ്മ്യൂൺ ആകണം, തവക്കൽന അപ്‌ഡേറ്റ് ആകാത്ത നിരവധി പ്രവാസികൾ പ്രതിസന്ധിയിൽ

0
3222

റിയാദ്: സഊദിയിൽ ഇന്ന് മുതൽ കടകളിലും ഓഫീസുകളിലും ജോലിസ്ഥലങ്ങളിലെക്കും അടക്കം പ്രവേശനം അനുവദിക്കുന്നത് ഇമ്മ്യൂൺ സ്റ്റാറ്റസ് പ്രകാരമായതിനാൽ നാട്ടിൽ നിന്ന് വാക്‌സിനെടുത്ത അപ്‌ഡേറ്റ് ആകാത്ത പ്രവാസികൾ പ്രതിസന്ധിയിൽ. നാട്ടിൽ നിന്ന് വാക്‌സിൻ എടുത്തെങ്കിലും പലതവണ അപ്‌ഡേറ്റ് ചെയ്യാൻ ശ്രമം നടത്തി പരാജയപ്പെടുകയും അവസാനം ബ്ലോക്ക് ആകുകയും ചെയ്‌തവരടക്കം നിരവധി പ്രവാസികളാണ് ആശങ്കയിലായത്.

തവക്കൽനയിൽ ഇവരുടെ ആരോഗ്യ സ്ഥിതി ഇമ്മ്യൂൺ ആകാതെ ജോലിക്കടക്കം പോകാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ. ഇവർക്ക് നേരത്തെ സ്വീകരിച്ച വാക്സിൻ അപ്‌ഡേറ്റ് സാധ്യമല്ലെങ്കിൽ വീണ്ടും മറ്റൊരു വാക്‌സിൻ ഇവിടെ നിന്ന് സ്വീകരിക്കേണ്ട ആശങ്ക നിറഞ്ഞ അവസ്ഥയാണിപ്പോൾ. ഇക്കാര്യത്തിൽ പ്രവാസികൾ എന്തെ ചെയ്യണമെന്നറിയാത്ത പ്രത്യേക സാഹചര്യത്തിലാണ്.

ഇതോടൊപ്പം നാട്ടിൽ നിന്ന് സഊദി അംഗീകാരമില്ലാത്ത കൊവാക്സിൻ സ്വീകരിച്ച് വന്ന പ്രവാസികളും ആകെ ആശങ്കയിലാണ്. മറ്റുള്ളവർക്ക് അപ്‌ഡേറ്റ് ആകുമെന്ന പ്രതീക്ഷ ഉണ്ടെങ്കിലും കൊവാക്സിൻ സ്വീകരിച്ചവർക്ക് മുന്നിൽ നിലവിൽ ഇത് വരെ ഒരു മാർഗ്ഗവുമില്ല. ആദ്യ ഘട്ടത്തിൽ നിരവധി പ്രവാസികളാണ് കൊവാക്സിൻ സ്വീകരിച്ച് സഊദിയിലേക്ക് എത്തിയത്. ഇവർക്ക് നിലവിൽ ഇവിടെ നിന്ന് മറ്റൊരു വാക്‌സിൻ സ്വീകരിക്കാതെ നിർവ്വാഹമില്ല.

കൊവിഡിനെ പിടിച്ച് കെട്ടാനുള്ള സഊദിയുടെ ശ്രമത്തിന്റെ വിജയമാണ് പുതിയ തീരുമാനം. രാജ്യത്തെ സ്വദേശികളും വിദേശികളുമായ ഒട്ടു മിക്ക ആളുകൾക്കും സൗജന്യമായി വാക്‌സിൻ നൽകുകയും വിജയം കാണുകളും ചെയ്തതായാണ്‌ മനസിലാകുന്നത്. ഇതോടെയാണ് ഇത്തരമൊരു തീരുമാനവുമായി സഊദി ഭരണകൂടം രംഗത്തെത്തിയത്.