മാലി: സഊദിയിലേക്ക് യാത്ര തിരിച്ച സ്ത്രീകളും കുട്ടികളും അടക്കമുള്ള കുടുംബങ്ങൾ മാലിദ്വീപിൽ ദുരിതത്തിലായി. ഉയർന്ന പണം നൽകി മാലിദ്വീപ് പാക്കേജുകൾ തിരഞ്ഞെടുത്ത കുടുംബങ്ങൾ അടക്കമുള്ള യാത്രക്കാരാണ് മാലിദ്വീപിൽ ദുരിതത്തിലായത്. ശനിയാഴ്ച്ച വൈകുന്നേരത്തോടെ മാലിദ്വീപിൽ ഇറങ്ങിയ ഇവർക്ക് മണിക്കൂറുകളോളമാണ് ഹോട്ടലിലേക്ക് പോകാനായി കാത്തിരിക്കേണ്ടി വന്നത്. യാത്ര സജ്ജീകരിച്ച ട്രാവൽസിന്റെ ഭാഗത്ത് നിന്ന് യാതൊരു വിധ സഹകരണവും ലഭിക്കാതായതോടെ ഇവരുടെ ബന്ധുക്കളെ വിവരമറിയിച്ചതിനെ തുടർന്ന് ഇവർ നാട്ടിലെ ട്രാവൽസുമായി നേരിട്ട് ബന്ധപ്പെട്ടതോടെയാണ് ട്രാവൽസ് മറുപടി നൽകാൻ തന്നെ തയ്യാറായതെന്ന് യാത്രക്കാർ പരാതിപ്പെട്ടു.
ശനിയാഴ്ച്ച മാലിദ്വീപിലേക്ക് പുറപ്പെട്ട സംഘമാണ് ദുരിതക്കയത്തിൽ മുങ്ങിയത്. മാലിദ്വീപിൽ വൈകുന്നേരം വിമാനമിറങ്ങിയ ഇവർ പുറത്തിറങ്ങിയതോടെയാണ് ദുരിതം ആരംഭിച്ചത്. മലപ്പുറത്തെ ഗ്രീൻ ഒയാസിസ് ട്രാവൽസ് ആണ് യാത്ര ഒരുക്കിയതെന്ന് യാത്രക്കാർ പറഞ്ഞു. ഇവിടെ ഇറങ്ങിയ ശേഷം ഇവരെ ഹോട്ടലിലേക്ക് മാറ്റുവാനോ മറ്റു കാര്യങ്ങൾക്കോ ട്രാവൽസ് ഏജൻസിയുടെ ഭാഗത്ത് നിന്ന് യാതൊരു വിധ സഹായവും ലഭിച്ചില്ല. ഇവർക്ക് നൽകിയ ഹോട്ടൽ ബുക്കിങ് വൗച്ചറും ശരിയായ രീതിയിൽ ഉള്ളതലായിരുന്നില്ലെന്ന സംശയമാണ് യാത്രക്കാർ ഉന്നയിച്ചത്. ഹോട്ടലിലേക്ക് മാറ്റുവാനും മറ്റു സജ്ജീകരണങ്ങൾക്കുമായി ഏറെ നേരം ട്രാവൽസുമായി ബന്ധപ്പെട്ടെങ്കിലും മറുപടി നൽകാനോ സജ്ജീകരണങ്ങൾ ഏർപ്പാട് ചെയ്യാനോ ഇവർ തയ്യാറായിരുന്നില്ലെന്നും യാത്രക്കാർ പറഞ്ഞു.
ഇതേ വിമാനത്തിൽ എത്തിയ മറ്റു ട്രാവൽസുകൾക്ക് കീഴിൽ എത്തിയ യാത്രക്കാർക്ക് യാതൊരു വിധ തടസങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടായിട്ടില്ല. ഈയൊരു ട്രാവൽസിന് കീഴിൽ എത്തിയ യാത്രക്കാർക്ക് മാത്രമാണ് ദുരിതം നേരിടേണ്ടി വന്നത്. ഒടുവിൽ അവിടെയുള്ള ചില കോർഡിനേറ്റർമാരുടെ സഹായത്തോടെ ഇവരെ വിവിധ ഹോട്ടലുകളിൽ ഒഴിവിനനുസരിച്ച് തത്കാലം ഇന്നലെ രാത്രി പാർപ്പിക്കുകയായിരുന്നു. ഇതിനിടെ ഒരു സംഘം മറ്റൊരു ബീച്ചിൽ പോയി സൗകര്യങ്ങൾ നോക്കിയെങ്കിലും അപ്രായോഗികമെന്ന് മനസിലാക്കി തിരിച്ചു പോകുകയായിരുന്നു. 1.6 ലക്ഷം രൂപയിലധികം നൽകി യാത്രക്കൊരുങ്ങിയവരാണ് ഭൂരിഭാഗവും.
പാക്കേജ് എടുത്ത അവസരത്തിൽ യാത്രക്കാരോട് പറഞ്ഞിരുന്നത് രണ്ടു പേരുള്ള റൂമിൽ ആയിരിക്കും താമസം എന്നായിരുന്നു. എന്നാൽ പിന്നീട് ബുക്കിങ് കിട്ടിയപ്പോൾ അത് മൂന്ന് പേർക്കുള്ള റൂമിൽ ആയിരിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. പക്ഷെ, ഇവർ ഇവിടെ ഇറങ്ങിയതിന് ശേഷം ബുക്ക് ചെയ്‌ത കേന്ദ്രങ്ങളിലേക്ക് കൂട്ടികൊണ്ട് പോകാനായി ആരും എത്തിയിരുന്നില്ല. മറ്റു ട്രാവൽസുകൾക്ക് കീഴിൽ എത്തിയവർ ഹോട്ടലുകളിൽ എത്തിയെങ്കിലും ഇവർക്ക് ആരെ ബന്ധപ്പെടണമെന്ന് പോലും അറിയാത്ത സ്ഥിതി വിശേഷമായിരുന്നു. പിന്നീടാണ് താമസ കേന്ദ്രം ബുക്ക് ചെയ്‌തത് ഉപയോഗിക്കാൻ സാധിക്കില്ലെന്ന് ഇവർക്ക് വ്യക്തമായത്.
തുടർന്ന് ഇവിടെയുള്ള മറ്റു സഹായങ്ങൾ തേടിയാണ് ഇവർ താത്കാലിക താമസ കേന്ദ്രങ്ങളിലെക്ക് പോയത്. ബാക്കി കാര്യങ്ങൾക്ക് ഇന്ന് തീരുമാനം ഉണ്ടാക്കണമെന്ന തീരുമാനത്തിലാണ് യാത്രക്കാർ. അഞ്ചരയോടെ പുറത്തിറങ്ങിയ ഇവർ ഏകദേശം പത്തര വരെ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയായിരുന്നു. അതിനിടെ യാത്രക്കാരുടെ ബന്ധുക്കൾ ട്രാവൽസിനെ ബന്ധപ്പെട്ടെങ്കിലും ഫലം കണ്ടില്ല. ഒടുവിൽ കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടിവരുമെന്ന സൂചന നൽകിയതോടെയാണ് മറുപടി നൽകാൻ തന്നെ ട്രാവൽസ് തയ്യാറായതെന്ന് യാത്രക്കാരുടെ ബന്ധുക്കൾ പറഞ്ഞു. ഇപ്പോൾ വിവിധ സ്ഥലങ്ങളിൽ തത്കാലം താമസിപ്പിച്ച ഇവരെ ഇന്ന് മറ്റിടങ്ങളിലേക്ക് മാറ്റാമെന്നാണ് ട്രാവൽസ് അറിയിച്ചിരിക്കുന്നതെന്ന് യാത്രക്കാർ പറഞ്ഞു.
അതേസമയം, ഒരേ സമയത്ത് ഒരേ ഗ്രൂപ്പിന്റെ രണ്ടു വിമാനങ്ങൾ നിറയെ യാത്രക്കാരുമായി എത്തിയതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ട്രാവൽസിന്റെ വിശദീകരണം. നാനൂറോളം ആളുകളാണ് ഒരേ സമയം ഇറങ്ങിയതെന്നും അത് മൂലമാണ് അസൗകര്യം നേരിട്ടതെന്നും ട്രാവൽസ് ഏജൻസി പറയുന്നു.
വീഡിയോ 👇