കൊവിഡിനെ തുരത്തും, ഇത് ഇച്ഛാശക്തിയുടെ കരുത്ത്; വാക്‌സിൻ നിർബന്ധമാക്കിയ രാജ്യമായി സഊദി അറേബ്യ,

0
1836

റിയാദ്: കൊവിഡ് രോഗത്തെ പിടിച്ച് കെട്ടുന്നതിൽ ഗണ്യമായ സ്ഥാനം വഹിക്കുന്ന വാക്സിനേഷൻ നടപടിയിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച് സഊദി അറേബ്യ. രാജ്യത്തെ മുക്കാൽ ശതമാനത്തോളം ആളുകളിലേക്ക് വാക്‌സിൻ എത്തിയതോടെ മുഴുവൻ കാര്യങ്ങൾക്കും നിർബന്ധമാക്കി പ്രഖ്യാപിക്കുകയും ചെയ്‌തു. ഇന്ന് മുതൽ രാജ്യത്തെ മുഴുവൻ സ്ഥാപനങ്ങളിലേക്കും തൊഴിൽ സ്ഥലത്തേക്കും പ്രവേശിക്കണമെങ്കിൽ വാക്‌സിനേഷൻ സ്വീകരിച്ചവരായിരിക്കണം. അല്ലെങ്കിൽ പ്രവേശനം അനുവദിക്കുകയില്ല. ഭരണകൂടത്തിന്റെ ഇച്ഛാ ശക്തിയുടെ ഭാഗമാണ് ഈ നേട്ടം.

ഇതിനകം രാജ്യത്തെ ആകെ ജനസംഖ്യയുടെ 53 ശതമാനത്തിലധികം ആളുകൾക്ക് ആദ്യ ഡോസും കാൽ ശതമാനം ആളുകൾക്ക് രണ്ട് ഡോസ് വാക്‌സിനും നൽകിക്കഴിഞ്ഞു. ആകെ ജനസംഖ്യ കണക്കുകളിൽ കുട്ടികളും വാക്‌സിൻ സ്വീകരിക്കാൻ സാധിക്കാത്ത ആളുകളും ഒഴിവാക്കിയാൽ രാജ്യത്തെ ഏകദേശം ആളുകളിലേക്കും വാക്‌സിൻ ഒന്നാം ഘട്ടം എത്തിയതായി അനുമാനിക്കാം. നിലവിൽ 2.66 കോടി വാക്‌സിനാണ് രാജ്യത്ത് വിതരണം ചെയ്‌തിരിക്കുന്നത്‌. ഇതിൽ 1.87 കോടി ആളുകൾക്ക് ആദ്യ ഡോസും 79 ലക്ഷം ആളുകൾക്ക് രണ്ടു ഡോസും നൽകിക്കഴിഞ്ഞു. അവസാന 24 മണിക്കൂറിനുള്ളിൽ 2.7 ലക്ഷം ഡോസുകളാണ് രാജ്യത്തെ വിവിധ വാക്‌സിൻ സെന്ററുകൾ വഴി വിതരണം ചെയ്‌തത്‌.

കഴിഞ്ഞ വർഷം ഡിസംബറിലാണ് രാജ്യത്ത് വാക്‌സിനേഷൻ നടപടികൾക്ക് തുടക്കം കുറിച്ചത്. ആദ്യ ഘട്ടം ഡിസംബർ പതിനേഴിനായിരുന്നു. പിന്നീട് ഈ വർഷം ഫെബ്രുവരിയിൽ രണ്ടാം ഘട്ടവും തുടർന്ന് രാജ്യവാപകമായും വാക്‌സിനേഷൻ നടപടികൾ ത്വരിതപ്പെടുത്തുകയായിരുന്നു. രാജ്യത്തെ സ്വദേശി, വിദേശി വ്യത്യാസമില്ലാതെ എല്ലാർക്കും സൗജന്യമായാണ് വാക്‌സിനേഷൻ നൽകുന്നത്.

അതേസമയം, മുഴുവൻ കാര്യങ്ങൾക്കും വാക്‌സിനേഷൻ നിർബന്ധമാക്കിയ രാജ്യമായി സഊദി അറേബ്യ മാറിക്കഴിഞ്ഞു. ചില രാജ്യങ്ങൾ ഏതാനും ആക്ടിവിറ്റീസുകൾക്ക് മാത്രമാണ് വാക്‌സിനേഷൻ നിർബന്ധമാക്കിയത്. ജിസിസി രാജ്യങ്ങളിലും മുഴുവൻ കാര്യങ്ങൾക്കും വാക്‌സിൻ നിർബന്ധമാക്കിയ രാജ്യം കൂടിയാണ് സഊദി അറേബ്യ. കൊവിഡിനെ പിടിച്ച് കിട്ടുന്നതിൽ നിർണ്ണായക പങ്കു വഹിക്കുന്ന വാക്‌സിനേഷൻ പ്രക്രിയയിൽ സഊദി അറേബ്യ വിജയം കണ്ടതായാണ് ഇത് സൂചിപ്പിക്കുന്നത്.