മസ്‌കറ്റ്: കൊവിഡ് വ്യാപനത്തിന് കാരണം ഡെൽറ്റ വകഭേദമെന്ന് ഒമാൻ ആരോഗ്യ മന്ത്രി. ഒരു സമയത്ത് കുറഞ്ഞു നിന്ന് വൈറസ് വ്യാപനം ഇപ്പോൾ ഇത്ര രൂക്ഷമാകാനുളള കാരണം ഡെൽറ്റാ വകഭേദമാണെന്ന് ആരോഗ്യ മന്ത്രി ഡോ: അഹമ്മദ് അൽ സഈദി വ്യക്തമാക്കി. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ 2021 ജനുവരി വരെ കുറഞ്ഞുനിന്ന കൊവിഡ് പിന്നീട് രൂക്ഷമായി വ്യാപിക്കുമായായിരുന്നു. ഇതിന്റെ പ്രധാന കാരണം അതിവേഗം പടരുന്ന ഡെൽറ്റ വകഭേദമാണ്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരിൽ ഐ.സി.യുവിൽ കൂടുതലായി പ്രവേശിക്കപ്പെടുന്നുണ്ടെന്നും രോഗത്തിന്റെ രൂക്ഷതയെയാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
മുൻ വകഭേദങ്ങളേക്കാൾ തീവ്രമായ ഡെൽറ്റ എല്ലാ പ്രായക്കാരെയും ബാധിക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി ഒമാൻ ടെലിവിഷന് ഒമാൻ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് സമാനമായ കണ്ടെത്തൽ സഊദി ആരോഗ്യ മന്ത്രാലയവും വെളിപെപ്പെടുത്തിയിരുന്നു. ഡെൽറ്റ വകഭേദം അതീവ ഗുരുതരാമെന്നാണ് സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ കണ്ടെത്തൽ.
ഒമാനിൽ പൊതു സ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് വാക്‌സിനേഷൻ നിർബന്ധമാക്കാൻ പദ്ധതിയുണ്ട്. പുറമെ സർക്കാർ ഓഫീസുകളിലേക്കും, രാജ്യത്തേക്കും രാജ്യത്തിന് പുറത്തേക്കും യാത്ര ചെയ്യുമ്പോൾ വാക്‌സിനേഷൻ നിർബന്ധമാക്കാനാണ് പദ്ധതിയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത്തരം കാര്യങ്ങൾക്ക് വാക്സിനെടുക്കൽ നിർബന്ധമാക്കുന്നത് സംബന്ധിച്ച പഠനങ്ങൾ നടന്നുവരുകയാണെന്ന് സുപ്രീം കമ്മിറ്റി വ്യാഴാഴ്ച അറിയിച്ചു.
വ്യാഴാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗം രാജ്യത്തെ ലോക്ഡൗൺ സമയത്തിൽ മാറ്റം വരുത്തുകയും ചെയ്തു. രാത്രി പത്ത് മുതൽ പുലർച്ചെ നാല് വരെയാണ് പുതുക്കിയ ലോക്ഡൗൺ സമയം. വ്യാഴാഴ്ച രാത്രി മുതൽ പുതിയ സമയം നിലവിൽ വരും. വൈകുന്നേരം അഞ്ച് മുതൽ പുലർച്ചെ നാല് വരെയായിരുന്നു കഴിഞ്ഞ ദിവസം വരെ ലോക്ഡൗൺ.