ഇന്ത്യൻ എംബസിയുടെയും കോൺസുലേറ്റിന്റെയും പേരിൽ തട്ടിപ്പ്, കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ്

0
2163

റിയാദ്: സഊദിയിലെ ഇന്ത്യൻ എംബസിയുടെയും ജിദ്ദയിലെ കോൺസുലേറ്റിന്റെയും പേരിൽ തട്ടിപ്പ്. റിയാദ് ഇന്ത്യൻ എംബസി, ജിദ്ദ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ എന്നിവയുടെ പേരിലാണ് സോഷ്യൽ മീഡിയകളിൽ വ്യാജ അകൗണ്ടുകൾ ഉപയോഗിച്ച് തട്ടിപ്പ് നടക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ചില വ്യാജ അക്കൗണ്ടുകൾ പ്രത്യക്ഷപ്പെട്ടതായി അടുത്തിടെ എംബസിയുടെ ശ്രദ്ധയിൽ പെട്ടുവെന്നും തട്ടിപ്പിനെതിരെ പ്രവാസികൾ ജാഗ്രത പാലിക്കണമെന്നും എംബസി അറിയിച്ചു.

ഇന്ത്യൻ പൗരന്മാർക്ക് സഹായം വാഗ്ദാനം ചെയ്യുമെന്ന് വാഗ്ദാനം നൽകിയാണ് പ്രവാസികളെ തട്ടിപ്പ് സംഘം കെണിയിൽ വീഴ്ത്തുന്നത്. ഇത്തരം അക്കൗണ്ടുകൾ റിയാദിലെ ഇന്ത്യൻ എംബസിയുമായോ ജിദ്ദയിലെ കോൺസുലേറ്റ് ജനറലുമായോ ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ലെന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

ഇന്ത്യൻ പൗരന്മാർ അത്തരം വ്യാജ അക്കൗണ്ടുകൾക്ക് ഇരയാകരുതെന്നും കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്നും കോൺസുലേറ്റ് പുറത്തിറക്കിയ മുന്നറിയിപ്പിൽ ഉണർത്തി. ഇന്ത്യൻ പൗരന്മാർക്ക് എംബസിയുടെ ഔദ്യോഗിക ട്വിറ്റർ അകൗണ്ട് ആയ https://twitter.com/IndianEmbRiyadh?s=09 അല്ലെങ്കിൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ട്വിറ്റർ അകൗണ്ട് ആയ https://twitter.com/CGIJeddah?s=09 എന്നിവയുമായി നേരിട്ട് തങ്ങളുടെ ആശങ്കകൾ ഉന്നയിക്കാനും വ്യക്തിഗത പങ്കിടൽ നടത്തുന്നതിന് ഉറപ്പ് വരുത്തണമെന്നും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് പ്രസ്താവനയിൽ അറിയിച്ചു.