ദോഹ: ഇന്ത്യൻ പ്രവാസികൾക്ക് സമയബന്ധിതമായി നിർദേശങ്ങൾ നൽകുകയെന്നത് എംബസികളുടെ ഉത്തരവാദിത്വമാണ്. ഇക്കാര്യത്തിൽ ഖത്തർ എംബസിയുടെ ഇടപെടൽ ശ്രദ്ധേയമാകുകയാണ്. ഖത്തർ പ്രവാസികളുടെ യാത്ര പ്രശ്‌നത്തിൽ ഞൊടിയിടയിൽ ഇടപെട്ട് വ്യക്തത വരുത്തുന്ന ഇന്ത്യൻ എംബസിയുടെ ഇടപെടലാണ് ഏറെ ആശ്വാസമാകുന്നത്. ഏറ്റവും ഒടുവിൽ ഇന്ത്യൻ പ്രവാസികൾക്ക് ഖത്തറിൽ നിർബന്ധിത ക്വാറന്റൈനുമായി ബന്ധപ്പെട്ട അവ്യക്തതയാണ് ഖത്തറിലെ ഇന്ത്യൻ എംബസി ഇന്ന് വ്യക്തത വരുത്തിയത്. ക്വാറന്റൈൻ നിർബന്ധമാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നായിരുന്നു എംബസി അറിയിച്ചത്. യാത്രാ നടപടികൾ പരിശോധിക്കാനുള്ള ഖത്തറിന്റെ ലിങ്കും എംബസി നൽകിയിട്ടുണ്ട്. ഇതിനു മുമ്പും വിവിധ വിഷയങ്ങളിൽ ഖത്തറിലെ ഇന്ത്യൻ എംബസി ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിരുന്നു.
എന്നാൽ, സഊദി അറേബ്യ ഉൾപ്പെടെയുള്ള ചില ഇന്ത്യൻ എംബസികൾ പ്രവാസികളുടെ വിഷയങ്ങളിൽ ഇടപെടുന്നതിൽ തികഞ്ഞ പരാചയമാണെന്നാണ് വിലയിരുത്തൽ. പ്രവാസികളുടെ വിവിധ വിഷയങ്ങളിൽ ഇടപെടേണ്ട സമയങ്ങളിലും മറ്റും ഇടപെടൽ നടത്താതെയും വ്യക്തമായ മാർഗ്ഗ നിർദേശങ്ങൾ നൽകാൻ പോലും സഊദിയിലെ ഇന്ത്യൻ എംബസിക്ക് പലപ്പോഴും കഴിയുന്നില്ലെന്നും പ്രവാസികൾ പരാതിപ്പെടുന്നുണ്ട്. വിവിധ വിഷയങ്ങളിൽ അടുത്ത കാലത്തായി എംബസിയുടെ ഇടപെടൽ വളരെ വിരളമാണെന്നും വ്യക്തമായ മാർഗ്ഗ നിർദേശങ്ങൾ നൽകുന്നതിൽ പരാചയമാണെന്നുമാണ് പ്രവാസികളുടെ പരിഭവം. സഊദി പ്രവാസികളുടെ വിവിധ വിഷയങ്ങൾ ഉണ്ടായിട്ടും എംബസിയിട്ട് ഭാഗത്ത് നിന്ന് വ്യക്തമായ നിർദ്ദേശങ്ങളോ അറിയിപ്പോ ലഭ്യമാകുന്നിനെല്ലാണ് സഊദി പ്രവാസികൾ ചൂണ്ടിക്കാണിക്കുന്നത്.