വാക്സിൻ അപ്‌ലോഡ് ബ്ലോക്കിങ് പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്ന് റിപ്പോർട്ട്

0
4407

റിയാദ്: വിദേശ രാജ്യങ്ങളിൽ നിന്ന് കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുന്നതും അപ്ഡേറ്റ് ചെയ്യുന്നതിലെയും പ്രശനങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്ന് സൂചന. ബ്ലോക്കായ പ്രശ്‌നം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഉടൻ പരിഹാരം കാണുമെന്നാണ് റിപ്പോർട്ടുകൾ. പ്രാദേശിക മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നത്.

നിലവിൽ വിദേശങ്ങളിൽ വാക്സിൻ സ്വീകരിച്ച ശേഷം അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ മൂന്ന് പ്രാവശ്യം ശ്രമിച്ചവരാണ് പിന്നീട് ഒന്നും ചെയ്യാൻ സാധിക്കാത്ത തരത്തിൽ ബ്ലോക്ക് ആയി കിടക്കുന്നത്. ഇവർക്ക് പിന്നീട് അപ്ലോഡ് ചെയ്യാൻ 937 ഫോൺ നമ്പറിലേക്ക് വിളിക്കാനാണ് നിർദേശം ലഭിക്കുന്നത്. വിദേശ രാജ്യങ്ങളിൽനിന്നുള്ളവർക്ക് വിളിക്കാൻ പ്രത്യേക ടോൾ ഫ്രീ നമ്പറുകളും ലഭ്യമാക്കിയിരുന്നു. എന്നാൽ, വൻ തിരക്കു കാരണം പലർക്കും ഈ നമ്പറിൽ ബന്ധപ്പെടാൻ കഴിഞ്ഞില്ല. ഇതുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിൽനിന്ന് നൂറു കണക്കിന് പരാതികളാണ് ലഭിക്കുന്നതെന്ന് അധികൃതർ അറിയിച്ചുവെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

അതേസമയം, നിലവിൽ ലഭിക്കുന്ന പരാതികളിൽ തുടർനടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പൂർണ്ണമായും പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് സൂചന.