മക്ക: ആഗോള മഹാമാരിക്കിടെ ലോകമാകെ ആശ്വാസത്തിനായി പ്രാർഥനകളിൽ അഭയം തേടുന്ന പ്രതിസന്ധികാലത്ത് ചരിത്രമായിത്തീരുന്ന ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് നാളെ (ദുൽഹിജ്ജ 08) തുടക്കമാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അല്ലാഹുവിന്റെ അതിഥികളായി ഒഴുകിയെത്തിയ തീർത്ഥാടക സംഗമത്തിന് സാക്ഷിയാകാൻ ഇനി മണിക്കൂറുകൾ മാത്രമാണുള്ളത്.. പരിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് ഞായറാഴ്ച്ച തുടക്കം കുറിക്കുന്നതിന് മുന്നോടിയായി തിരഞ്ഞെടുക്കപ്പെട്ട ഹാജിമാർ ഇന്നും നാളെയുമായി വിശുദ്ധ മക്കയിൽ എത്തിച്ചേരും. ദൂരദിക്കുകളിൽ നിന്നുള്ള ഹാജിമാർ കഴിഞ്ഞ ദിവസങ്ങളിൽ തന്നെ യാത്ര തിരിച്ചിരുന്നു. കിഴക്കൻ പ്രവിശ്യകളിൽ നിന്നടക്കം പുറപ്പെട്ട ഹാജിമാർ നേരെ മദീന സിയാറത്തിന് ശേഷമാണ് മക്കയിലേക്ക് തിരിക്കുക.
കൊവിഡ് പ്രോട്ടോകോളുകൾ പൂർണ്ണമായും പാലിച്ച് തിരക്കുകളില്ലാതെ വ്യക്തമായ പ്ലാനിങ്ങോടെയാണ് തീർത്ഥാടകരുടെ നീക്കങ്ങൾക്ക് അനുമതി നൽകുന്നത്. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന 30 ലക്ഷത്തോളം ആളുകൾ സംഗമിക്കാറുള്ള ഹജ്ജിന് ഇത്തവണ സഊദിയിൽ നിന്നുള്ള 60,000 പേർക്ക് മാത്രമാണ് അനുമതി. ഞായറാഴ്ച്ച രാത്രി മിനായിൽ താമസിക്കുന്ന ഹാജിമാർ തിങ്കളാഴ്ച്ച പുലർച്ചെ മുതൽ അറഫാത്തിലേക്ക് യാത്രയാകും. തിങ്കളാഴ്ചയാണ് ലോക മഹാ സംഗമമായ അറഫാ ദിനം.
മിനായിൽ ഹാജിമാരെ സ്വീകരിക്കാൻ വിവിധ വകുപ്പുകൾക്ക് കീഴിൽ അവസാന ഘട്ട ഒരുക്കങ്ങൾ പൂർത്തിയാക്കി. കടുത്ത നിയന്ത്രണത്തിലാണ് മിന, അറഫാത്ത്, മുസ്‌ദലിഫ എന്നിവിടങ്ങളിളിൽ തീർത്ഥാടകർക്കാവശ്യമായ ഒരുക്കങ്ങൾ പൂർത്തിയാക്കിയത്. മക്കയിൽ നിന്നും അഞ്ചുകിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന മിനായിൽ ഒരു ലക്ഷത്തിലധികം തമ്പുകളാണുള്ളത്. എങ്കിലും ഈ വർഷം മിനായിലെ കെട്ടിടങ്ങളിലാണ് കൂടുതൽ പേർക്ക് സൗകര്യം ഒരുക്കിയിരിക്കുന്നത്.
ആയിരക്കണക്കിന് മലയാളികൾ സഹിതം നിരവധി വിദേശികൾക്ക് ഇത്തവണ ഹജ്ജിനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. മൂന്ന് പാക്കേജുകളിലായാണ് ഇത്തവണ ഹജ്ജിനുള്ള തീർഥാടകരെ തിരഞ്ഞെടുത്തത്.