ദുബൈ: ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്ന് ഈ മാസം 31 വരെ വിമാന സർവ്വീസ് ഉണ്ടാകില്ലെന്ന് വ്യക്തമാക്കി ഇതിഹാദ് എയർ. പാകിസ്ഥാൻ, ബാംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നും ജൂലൈ 31വരെ വിമാനമില്ലെന്ന് ഇത്തിഹാദ് എയർവേയസ് അറിയിച്ചു. ഇതോടെ, ജൂലൈ 21ന് ശേഷം വിമാനസർവീസ് പുനരാരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മലയാളികൾ അടക്കമുള്ള പ്രവാസികളുടെ പ്രതീക്ഷക്ക് മങ്ങലേറ്റു. യാത്രക്കാരുടെ സംശയങ്ങൾക്കുള്ള മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ, എമിറേറ്റ്സ്, എയർ ഇന്ത്യ അടക്കമുള്ള വിമാനങ്ങൾ ജൂലൈ 21 വരെ സർവീസുണ്ടാവില്ല എന്നായിരുന്നു അറിയിച്ചിരുന്നത്. നിലവിലുള്ള തീരുമാനത്തില്‍ മാറ്റമുണ്ടായാല്‍ അറിയിക്കാമെന്നും ഇത്തിഹാദ് ട്വീറ്റ് ചെയ്തു. ഇതിഹാദ് എയർവേയിസ് ഇന്ത്യയിൽ നിന്നുള്ള സർവ്വീസ് നീളുന്ന കാര്യം അറിയിച്ചതോടെ പെന്നാളിന് ശേഷം യാത്രാവിലക്ക് നീക്കുമെന്നായിരുന്ന പ്രവാസികളുടെ പ്രതീക്ഷ അസ്ഥാനത്താകുകയാണ്.