ജിദ്ദ: സർക്കാരിന്റെ വിവിധ പ്രവാസി ക്ഷേമ പദ്ധതികളെപ്പറ്റി പ്രവാസികൾ ബോധവാന്മാരാകണമെന്ന് നോർക്ക ആക്ടിവിസ്റ്റ് ഉമ്മർ കോയ തുറക്കൽ പറഞ്ഞു. കേരളത്തിലെ സാമൂഹ്യ സുരക്ഷ പെൻഷനുകൾ ലഭിക്കുന്നതിനുള്ള അർഹത മാനദണ്ഡങ്ങളിൽ സർക്കാർ പുതുതായി പല നിബന്ധനകളും കൂട്ടിച്ചേർക്കുകയും പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ മടങ്ങിയെത്തുന്ന പ്രവാസികൾക്ക് വാർദ്ധക്യകാല പെൻഷൻ ഉൾപ്പെടെയുള്ള സർക്കാർ അനുകൂല്യങ്ങൾ അന്യമാവുകയും ചെയ്യുമ്പോൾ സർക്കാർ പ്രവാസികൾക്കായി രൂപീകരിച്ച പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങളായി പെൻഷൻ ഉൾപ്പെടെയുള്ള അനുകൂല്യങ്ങൾ ലഭിക്കാൻ മുഴുവൻ പ്രവാസികളും ശ്രദ്ധ ചെലുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രവാസി സംഘടനകൾ ഇക്കാര്യത്തിൽ ആവശ്യമായ ബോധവൽക്കരണം സംഘടിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൌണ്ടേഷൻ സഊദി ചാപ്റ്റർ സംഘടിപ്പിച്ച വെബിനാറിൽ ‘പ്രവാസിയും ക്ഷേമവും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നോർക്കയുടെ തിരിച്ചറിയൽ കാർഡുള്ളവരും പ്രവാസി ക്ഷേമനിധിയിൽ അംഗത്വമെടുത്ത് അംശാദായമടക്കുന്ന പ്രവാസികളും തങ്ങൾക്ക് ലഭ്യമാവുന്ന ആനുകൂല്യങ്ങളെക്കുറിച്ച് കൃത്യമായി അവബോധം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. നോർക്ക കേരളത്തിലെ നാല് വിമാനത്താവങ്ങളിലും പ്രവാസ ലോകത്ത് നിന്ന് അത്യാഹിതങ്ങൾ സംഭവിച്ച് വരുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള സൗജന്യ ആംബുലൻസ് സൗകര്യം പോലും പ്രയോജനപ്പെടുത്താതിരിക്കുന്നത് സേവനങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാത്തത് കാരണമാണെന്ന് ന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സൂം പ്ലാറ്റുഫോമിൽ നടന്ന പരിപാടിയിൽ പി സി ഡബ്ലിയു എഫ് സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് അഷ്‌റഫ് ഡിലാറ അധ്യക്ഷത വഹിച്ചു. മറ്റു നാഷണൽ കമ്മിറ്റി ഭാരവാഹികളായ മുഹമ്മദ് അനീസ് , ബിജേഷ് എന്നിവരും പങ്കെടുത്തു.
നാഷണൽ കമ്മിറ്റി ഐ ടി ചെയർമാൻ അലി, ലത്തീഫ് കളക്കര, അൻസാർ സൈതല്ലൂർ, ബിജു ദേവസ്യ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. സഊദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി സാദിഖ് സ്വാഗതവും ട്രഷറർ രതീഷ് നന്ദിയും പറഞ്ഞു.