ആപ്പിളിനെ മറികടന്ന് ഷവോമി, ആഗോള തലത്തിൽ സാംസങ് തന്നെ താരം

ഹുവാവെയുടെ തകർച്ചയാണ് ഷവോമിക്ക് നേട്ടമായത്

0
2047

ബീജിംഗ്: സ്മാർട്ട് ഫോൺ രംഗത്ത് ആപ്പിളിനെ മറികടന്ന് ചൈനീസ് കമ്പനിയായ ഷവോമിയുടെ മുന്നേറ്റം. രണ്ടാം സ്ഥാനത്തുണ്ടായ ആപ്പിലെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയിട്ടാണ് ഷവോമി ആഗോള തലത്തിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. എതിരാളിയായ ഹുവാവെയുടെ പതനത്തോടെയാണ് ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാവ് ഈ നേട്ടം കൈവരിച്ചത്. ഷവോമിയുടെ മുന്നേറ്റം സാംസങിന്റെ ഒന്നാം സ്ഥാനത്തിന് ഭീഷണിയാകുന്നതായും കരുതുന്നുണ്ട്. കനാലിസ് വെളിപ്പെടുത്തിയ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2021 ന്റെ രണ്ടാം പാദത്തിൽ, വിൽപ്പനയുടെ കാര്യത്തിൽ ആഗോളതലത്തിൽ രണ്ടാമത്തെ വലിയ സ്മാർട്ട്‌ഫോൺ നിർമാതാക്കളാണ് ഷിയോമി. ആഗോള വിപണിയിലെ ഷിപ്പിംഗിൽ 83 ശതമാനമാണ് ഷവോമിയുടെ വളർച്ച.

ദക്ഷിണ കൊറിയൻ സ്മാർട്ട്‌ഫോൺ നിർമാതാക്കളായ സാംസങ് ഇപ്പോഴും 19 ശതമാനം വിപണി വിഹിതവുമായി മുന്നിൽ നിൽക്കുന്നു. ഷവോമിയുടെ വിൽപ്പന 17 ശതമാനവും ആപ്പിളിന്റെ വിൽപ്പന പതിനാല് ശതമാനവുമാണെന്നു റിസേർച്ച് കമ്പനിയായ കനാലിസ് റിപ്പോർട്ട് ചെയ്യുന്നു. പത്ത് ശതമാനം വിപണി പിടിച്ച് ഓപ്പോ, വിവോ എന്നിവയും ആഗോള വിപണിയിൽ മുന്നേറുന്നുണ്ട്.

ലാറ്റിനമേരിക്കയിൽ ഷിയോമിയുടെ കയറ്റുമതി 300 ശതമാനത്തിലധികവും ആഫ്രിക്കയിൽ 150 ശതമാനവും പടിഞ്ഞാറൻ യൂറോപ്പിൽ 50 ശതമാനവും വർദ്ധിച്ചു. Mi11 അൾട്രാ പോലുള്ള ലൈൻ ഫോണുകളുടെ വിൽപ്പന വളർത്തുകയെന്നതാണ് ഷിയോമിയുടെ ലക്ഷ്യമെങ്കിലും മറ്റ് ചൈനീസ് ബ്രാൻഡുകളായ ഓപ്പോ, വിവോ എന്നിവയിൽ നിന്ന് ഷവോമി വെല്ലുവിളികൾ നേരിടുകയും ചെയ്യുന്നുണ്ട്. എന്നിരുന്നാലും, സാംസങിനെ മറികടന്ന് ഈ വേഗതയിൽ ലോകത്തെ ഒന്നാം നമ്പർ സ്മാർട്ട്‌ഫോൺ ബ്രാൻഡാകാൻ ഷവോമിക്ക് സാധ്യതതയെന്നാണ് സൂചന.