റിയാദ്: സഊദിയിൽ അംഗീകരിച്ചവയിൽ ലഭ്യമായ വാക്സിൻ തിരഞ്ഞെടുക്കാൻ സൗകര്യം ഏർപ്പെടുത്തി. രാജ്യത്ത് നിലവിൽ അംഗീകരിച്ച വാക്സിനുകളിൽ ഫൈസർ ബയോൺടെക്, ഒക്സ്ഫോഡ് ആസ്ത്രസെനിക എന്നീ വാക്സിനുകളാണ് വ്യാപകമായി നൽകുന്നത്. ഇതിൽ ഏത് വേണമെന്ന് ഇനി ഓരോരുത്തർക്കും തിരഞ്ഞെടുക്കാം. അതിനുള്ള സൗകര്യമാണ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. വാക്സിൻ രജിസ്റ്റർ ചെയ്യുമ്പോൾ ഈ രണ്ട് വാക്സിനുകൾ ലഭ്യമായ കേന്ദ്രം ഏതാണെന്ന് മനസിലാക്കി ബുക്കിംഗ് പൂർത്തീകരിക്കാനാകും. നേരത്തെ, വാക്സിൻ ബുക്കിംഗ് സമയത്ത് ഏത് വാക്സിനാണ് ലഭ്യമാകുക എന്ന് അറിയാൻ സാധിച്ചിരുന്നില്ല.
നിലവിൽ ഒട്ടുമിക്ക കേന്ദ്രങ്ങളിലും ഫൈസർ വാക്സിനാണ് നൽകുന്നത്. ഒന്നാം ഡോസ് ആസ്ത്രസെനിക സ്വീകരിച്ചവരിൽ പലർക്കും രണ്ടാം ഡോസ് ഫൈസർ ആണ് ലഭ്യമായിരുന്നത്. ഇതിന് മന്ത്രാലയം അനുമതി നൽകിയിരുന്നു. രണ്ടാം ഡോസ് ബുക്കിംഗ് സമയത്ത് ഏത് വാക്സിൻ ആണെന്ന് തിരിച്ചറിയാൻ മാർഗം ഉണ്ടായിരുന്നില്ല. എന്നാൽ, മലയാളികൾ ഉൾപ്പെടെ നിരവധി പേർ ഒരേ വാക്സിൻ തന്നെ കിട്ടിയാൽ നല്ലതായിരുന്നുവെന്ന ചിന്തയിൽ സമീപ പ്രദേശങ്ങളിൽ പോലും ആദ്യ ഡോസ് സ്വീകരിച്ച അതെ വാക്സിൻ ലഭ്യമാണോ എന്ന അന്വേഷണത്തിലായിരുന്നു.
ഇതിനിടെയാണ് രജിസ്റ്റർ ചെയ്യുന്ന സമയത്ത് തന്നെ ആവശ്യമുള്ള വാക്സിൻ ലഭ്യമായ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാൻ സൗകര്യം ഏർപ്പെടുത്തിയത്. നേരത്തെ ബുക്കിംഗ് ചെയ്തവർക്കും അത് ക്യാൻസൽ ചെയ്തു ആവശ്യമായ വാക്സിനും കേന്ദ്രവും സമയവും തിരഞ്ഞെടുക്കാവുന്നതാണ്.