ജനീവ: വിവിധ നിർമാതാക്കളിൽ നിന്നുള്ള കൊവിഡ് -19 വാക്സിൻ ഡോസുകൾ കൂട്ടിക്കലർത്തി സ്വീകരിക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. വാക്സിനുകൾ വ്യത്യസ്ത കമ്പനി ഡോസുകൾ ആക്കി നൽകുന്നത് തെറ്റായ ദിശയാണെന്നും ഇത് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന സാഹചര്യത്തിലേക്ക് നയിച്ചേക്കാമെന്നും ലോകാരോഗ്യ സംഘടന ചീഫ് സയന്റിൻസ്റ്റ് സൗമ്യ സ്വാമിനാഥൻ വെളിപ്പെടുത്തി.
“വിവിധ ഉൽപാദകരുടെ വാക്‌സിനുകൾ ഓരോ ഡോസിലും ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന അനന്തര ഫലങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ലാത്ത സ്ഥിതിയിൽ വാക്‌സിനുകളുടെ കൂട്ടിക്കലർത്തൽ അപകടകരമായ പ്രവണതയാണെന്നും അവർ ഓൺലൈൻ ബ്രീഫിംഗിനിടെ മാധ്യമങ്ങളോട് പങ്ക് വെച്ചു.
“രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും ഡോസ് എപ്പോൾ, ആരാണ് എടുക്കേണ്ടതെന്ന് പൗരന്മാർ തീരുമാനിക്കാൻ തുടങ്ങിയാൽ ഇത് ആശയക്കുഴപ്പമുണ്ടാക്കും. വാക്‌സിനുകളുടെ മിശ്രണത്തെ കുറിച്ച് വസ്തുതകൾ ലഭ്യമല്ലാത്ത ഒരു ഘട്ടത്തിലാണ് നാമിപ്പോൾ. അതിനാൽ ഇക്കാര്യം ലാഘവത്തോടെ കാണുന്നത് ഗുരുതര പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.




