ന്യൂഡല്‍ഹി: എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ കൊവിഷീല്‍ഡിനെ ‘വാക്‌സിന്‍ പാസ്‌പോര്‍ട്ട്’ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. ആസ്‌ത്രേലിയ, ജര്‍മനി, സ്ലൊവേനിയ, ഗ്രീസ്, ഐസ്‌ലന്‍ഡ്, അയര്‍ലന്‍ഡ്, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളാണ് കൊവിഷീല്‍ഡിന് ഗ്രീന്‍ പാസ് നല്‍കിയതെന്നാണ് റിപ്പോർട്ടുകൾ.
കൊവിഷീല്‍ഡിനും കൊവാക്‌സിനും അംഗീകാരം നല്‍കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളോട് ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ വാക്‌സിന് അംഗീകാരം നല്‍കിയില്ലെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കില്ലെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കുകയും ഇന്ത്യന്‍ വാക്‌സിനുകള്‍ അംഗീകരിച്ചാല്‍ യൂറോപ്യന്‍ യൂനിയന്‍ അംഗരാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവരെ നിര്‍ബന്ധിത ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കാമെന്നും ഇന്ത്യ അറിയിച്ചിരുന്നു. ഇതോടെയാണ് യൂറോപ്യൻ യൂണിയൻ തീരുമാനം കൈകൊണ്ടതെന്നാണ് റിപ്പോർട്ട്. കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച ഇന്ത്യന്‍ യാത്രികര്‍ക്ക് ഈ രാജ്യങ്ങളില്‍ ഇനി തടസങ്ങളില്ലാതെ സഞ്ചരിക്കാനാകും.
യൂറോപ്പില്‍ ഉപയോഗത്തിലുള്ള ആസ്ട്രസെനേക ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്റെ ഇന്ത്യന്‍ പതിപ്പാണ് കൊവിഷീല്‍ഡ് എന്നിരിക്കേ, യൂറോപ്യന്‍ യൂണിയന്‍ വാക്‌സിന്‍ പാസ്‌പോര്‍ട്ടായി അംഗീകരിച്ചവയുടെ കൂട്ടത്തില്‍ വാക്‌സിന്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അതേസമയം, ആസ്ട്രസെനേക ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്റെ യൂറോപ്യന്‍ പതിപ്പായ വാക്‌സെവിരിയക്ക് അനുമതി നല്‍കിയിട്ടുമുണ്ട്. തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടത്.
ഫൈസര്‍, മൊഡേണ, അസ്ട്രസെനക ഓക്‌സ്ഫഡ്, ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ എന്നീ കൊവിഡ് വാക്‌സിനുകള്‍ക്കാണ് യൂറോപ്യന്‍ യൂനിയന്‍ അംഗീകാരം നല്‍കിയിട്ടുള്ളത്.