യൂറോപ്യൻ യൂണിയന്റെ സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ സഊദി അറേബ്യയും ഖത്തറും

0
1506

റിയാദ്: യാത്ര ചെയ്യാൻ അനുവദിക്കുന്ന, സുരക്ഷിതമായി പരിഗണിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ സഊദി അറേബ്യയെയും ഉൾപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ തീരുമാനം. ഇന്ന് ചേർന്ന 27 രാജ്യങ്ങളിലെ അംബാസഡർമാരുടെ യോഗത്തിലാണ് സുരക്ഷിത രാജ്യമായി കണക്കാക്കി സഊദി അറേബ്യ ഉൾപ്പെടെ മൂന്ന് അറബ് രാജ്യങ്ങളെ യാത്ര അനുവദിക്കുന്ന സുരക്ഷിത ലിസ്റ്റിൽ ഉൾപ്പെടുത്തിയത്.

സഊദി അറേബ്യക്ക് പുറമെ, ഖത്തർ, ജോർദാൻ എന്നിവയാണ് അറബ് രാജ്യങ്ങൾ. കൂടാതെ, മറ്റു 8 രാജ്യങ്ങളും സുരക്ഷിത രാജ്യമാക്കി കണക്കാക്കി ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. കുറഞ്ഞ വൈറസ് നിരക്കാണ് ഇവിടങ്ങളിൽ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത് എന്നതാണ് ഈ രാജ്യങ്ങൾ ലിസ്റ്റിൽ ഉൾപ്പെടാൻ കാരണം. ഇതോടെ, യൂറോപ്യൻ യൂണിയൻ, ഷെൻഗൻ രാജ്യങ്ങളിൽ ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് തടസങ്ങൾ കൂടാതെ യാത്ര ചെയ്യാനാകും. അർമേനിയ, അസർബൈജാൻ, ബോസ്നിയ ഹെർസഗോവിന, ബ്രൂണൈ, കാനഡ, കൊസോവോ, മോൾഡോവ, മോണ്ടിനെഗ്രോ തുടങ്ങിയവയാണ് അനുമതി ലഭ്യമായ പുതിയ രാജ്യങ്ങൾ.

അതേസമയം, വകഭേദം സംഭവിച്ച ഡെൽറ്റ സ്ഥിരീകരിച്ചതിനാൽ മുൻ അംഗം കൂടിയായ ബ്രിട്ടനെ ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. വകഭേദം സംഭവിച്ച ഡെൽറ്റക്ക് പുറമെ വൈറസ് നില ഇപ്പോഴും ഉർന്ന് നിൽക്കുന്നതും ബ്രിട്ടനെ അകറ്റി നിർത്താൻ കാരണമാണ്. പുതിയ രാജ്യങ്ങളെ സുരക്ഷിത രാജ്യമായി ഉൾപ്പെടുത്തിയ തീരുമാനം വരും ദിവസങ്ങളിൽ പ്രാബല്യത്തിൽ വരും.