ന്യൂഡല്‍ഹി: മൂന്ന് മാസത്തിന് ശേഷം ആദ്യമായി ഇന്ത്യയില്‍ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 40,000ത്തില്‍ താഴെ എത്തി. 24 മണിക്കൂറിനിടെ 37,566 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 56,994 പേര്‍ രോഗമുക്തി നേടി. 907 മരണവും സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഒരു സംസ്ഥാനത്തും 10,000 ത്തിന് മേല്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
രാജ്യത്ത് ഇതിനോടകം 3.97 ലക്ഷം ആളുകളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്ത്യയിലെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 3.03 കോടിയായി. നിലവില്‍ 5.52 ലക്ഷം ആളുകളാണ് ചികിത്സയില്‍ കഴിയുന്നത്. 1.82 ശതമാനം പേർ മാത്രമാണ് ചികിത്സയിലുള്ളത്. പ്രതിവാര ടി.പി.ആർ 2.74 ആണ്. 2.93 കോടിയാളുകള്‍ രോഗമുക്തി നേടി.
കഴിഞ്ഞ ദിവസത്തെ കണക്കുകളിൽ 8063 കേസുകളുമായി കേരളമാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. മഹാരാഷ്ട്രയില്‍ 6727 പുതിയ രോഗികളുണ്ട്.
രാജ്യത്താകമാനം 17,68,008 സാംപിളുകളാണ് തിങ്കളാഴ്ച പരിശോധിച്ചത്. ഇതുവരെ 40.81 കോടി സാംപിളുകള്‍ പരിശോധിച്ചതായി ഐ.സി.എം.ആര്‍ അറിയിച്ചു. അതേസമയം തുടർച്ചയായ 22 ആം ദിവസവും പ്രതിദിന ടി.പി.ആർ നിരക്ക് 2.12 ആണ്. പ്രതിദിന ടി.പി.ആർ നിരക്ക് അഞ്ചിൽ താഴെയാണെങ്കിൽ സുരക്ഷിത മേഖലയിലാണ് എന്നാണ് ലോകാരോഗ്യസംഘടനയുടെ നിലപാട്.