യോഗയിൽ ഇന്ത്യ- സഊദി സഹകരണം, ധാരണാപത്രം ഒപ്പിട്ടു

0
1854

റിയാദ്: ‘യോഗ’യിൽ സഹകരിക്കാൻ ഇന്ത്യയും സഊദി അറേബ്യയും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു. സഊദി കായിക മന്ത്രാലയത്തിലെ ലീഡേഴ്സ് ഡവലപ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടും ഇന്ത്യയുടെ ആയുഷ് മന്ത്രാലയത്തിന് കീഴിലെ മൊറാർജി ദേശായി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗയും തമ്മിലാണ് ഏഴാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിെൻറ ഭാഗമായി കരാറിൽ ഒപ്പ് വെച്ചത്. ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിനാചരണത്തിെൻറ ഏറ്റവും വലിയ പ്രാധാന്യം സഊദിയുമായുണ്ടാക്കിയ ധാരണയാണെന്ന് റിയാദിലെ ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു.

യോഗയുടെ മേഖലയിൽ ഗവേഷണം, പഠനം, പരിശീലനം എന്നിവക്കുള്ള സൗകര്യമൊരുക്കാൻ ഇരു രാജ്യങ്ങളും സഹകരിച്ച് പ്രവർത്തിക്കും. യോഗയെ അതിെൻറ തനിമയോടെ അവതരിപ്പിക്കുന്നതിനും രാജ്യത്താകെ അതിെൻറ പരിശീലന കോഴ്സുകൾ ആരംഭിക്കുന്നതിനും ഇത് വഴിയൊരുക്കും. ഗൾഫ് മേഖലയിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു ചുവടുവെപ്പ്. അന്താരാഷ്ട്ര യോഗ ദിനമായ തിങ്കളാഴ്ച റിയാദിൽ നടന്ന ചടങ്ങിൽ ഇരു രാജ്യങ്ങളുടെയും പ്രതിനിധികളായി ഒപ്പിട്ട് ധാരണാപത്രം റിയാദിലെ ഇന്ത്യൻ അംബസാഡർ ഡോ: ഔസാഫ് സഈദും സഊദി കായിക മന്ത്രാലയത്തിലെ ലീഡേഴ്സ് ഡവലപ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജനറൽ അബ്ദുല്ല ഫൈസൽ ഹമ്മാദും തമ്മിൽ കൈമാറി.

റിയാദിലെ എംബസി ആസ്ഥാനത്ത് നടന്ന യോഗ ദിനാചരണ പരിപാടിയും അനുബന്ധമായി സംഘടിപ്പിച്ച പെയിൻറിങ്ങ് പ്രദർശനവും അംബാഡർ ഡോ: ഔസാഫ് സഈദ് ഉദ്ഘാടനം ചെയ്തു. രാജ്യാന്തരതലത്തിൽ പ്രശസ്തരായ ചിത്രകാരികൾ യോഗയെ ആസ്പദമാക്കി വരച്ച 50 പെയിൻറിങ്ങുകളാണ് പ്രദർശിപ്പിക്കുന്നത്. മൊറാർജി ദേശായി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ ഡയറക്ടർ ഡോ: ഈശ്വർ ബസവറെഡ്ഡി, വ്യാസാ യൂനിവേഴ്സിറ്റി ചാൻസ്ലർ ഡോ: എച്ച്.ആർ. നാഗേന്ദ്ര, ശ്രീ ശ്രീ രവിശങ്കർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here