സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തിന് തുടക്കം

0
6

കുണിയ (കാസര്‍ഗോഡ്): സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തിന് തുടക്കം. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്തയുടെ നിലനില്‍പ്പ് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും വരുന്ന തലമുറക്ക് ഈ പ്രസ്ഥാനത്തെ കാത്തുവെക്കണമെന്നും സ്വാദിഖലി തങ്ങള്‍ പറഞ്ഞു. ഐക്യത്തിനും സാമൂഹിക ഭദ്രതക്കും സമസ്തയുടെ നിലനില്‍പ്പ് അനിവാര്യമാണെന്ന് ജിഫ്‌രി തങ്ങള്‍പറഞ്ഞു. 

ആന്തരിക മൂല്യങ്ങളിലൂടെയാണ് വിശ്വാസത്തെ ശക്തിപ്പെടുത്തേണ്ടതെന്ന് കൈറോയിലെ ഇസ്‌ലാമിക് റിസര്‍ച്ച് അസംബ്ലി സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് അബ്ദു ദാഇം അല്‍ ജുന്‍ദി പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മതചിന്തയും പ്രവാചക സ്‌നേഹവും മികച്ച വ്യക്തിത്വങ്ങളെ ലോകത്തിന് സംഭാവന ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍, സമസ്ത സെക്രട്ടറി കെ. ഉമര്‍ ഫൈസി മുക്കം സ്വാഗതം പറഞ്ഞു. ട്രഷറര്‍ കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍ ആമുഖ പ്രഭാഷണം നടത്തി. ശതാബ്ദി സ്മാരക ഗ്രന്ഥത്തിന്റെ പ്രകാശനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഇബ്‌റാഹീം അഹ്മദ് അലി ഹാജി കുണിയക്ക് നല്‍കി പ്രകാശനം ചെയ്തു.

നൂറാം വാര്‍ഷികോപഹാരമായി സമര്‍പ്പിക്കുന്ന നൂറു പുസ്തകങ്ങളുടെ സമര്‍പ്പണം സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ നിര്‍വ്വഹിച്ചു.
എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. കെ. ഹൈദര്‍ ഫൈസി പനങ്ങാങ്ങര, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ബി.കെ അബ്ദുല്‍ഖാദിര്‍ ഖാസിമി ബംബ്രാണ, അബ്ദുല്ല ഫൈസി ചെങ്കള പ്രസംഗിച്ചു. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, നെല്ലായ കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, പി.കെ മൂസക്കുട്ടി ഹസ്‌റത്ത്, എം.എല്‍.എമാരായ പി.ടി.എ റഹീം, എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്‌റഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.