ജിദ്ദ: മലപ്പുറം ജില്ലയിലെ മാറാക്കര പഞ്ചായത്തിൽ 2021 ജനുവരി മുതൽ കോവിഡ് ബാധിച്ചു മരണപ്പെട്ടവർക്ക് പഞ്ചായത്ത് ഭരണ സമിതി പ്രഖ്യാപിച്ച പ്രത്യേക ആനുകൂല്യം വിദേശത്ത് കോവിഡ് ബാധിച്ചു മരണപ്പെടുന്ന പ്രവാസികളുടെ കുടുംബത്തിനും നൽകുമെന്ന് മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് ടി.പി സജ്‌ന ടീച്ചർ മാറാക്കര ഗ്ലോബൽ കെഎംസിസി ഭാരവാഹികളെ അറിയിച്ചു. എന്നാൽ പ്രസ്തുത ആനുകൂല്യം ലഭിക്കാൻ പ്രവാസികൾ കോവിഡ് ബാധിച്ചാണ് മരണപ്പെട്ടതെന്ന ബന്ധപ്പെട്ടവരിൽ നിന്നുള്ള രേഖ ഹാജരാക്കണമെന്ന് പ്രസിഡന്റ് വ്യക്തമാക്കി. ഇക്കാര്യം നേരത്തെ മാറാക്കര ഗ്ലോബൽ കെഎംസിസി ഭാരവാഹികളായ ബക്കർ ഹാജി കരേക്കാട്, നാസർ ഹാജി കാടാമ്പുഴ തുടങ്ങിയവർ പഞ്ചായത്ത് പ്രസിഡന്റിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഇതിനെതുടർന്നാണ് കോവിഡ് ബാധിച്ചു മരണപ്പെടുന്ന പ്രവാസികളുടെ കുടുംബത്തിനും പ്രസ്തുത ആനുകൂല്യം നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചത്.
കോവിഡ് ബാധിച്ചു മരണപ്പെടുന്നവർക്ക് നൽകുന്ന ആനുകൂല്യം പ്രവാസി കുടുംബങ്ങൾക്കും നൽകുമെന്ന പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനത്തെ മാറാക്കര ഗ്ലോബൽ കെഎംസിസി സ്വാഗതം ചെയ്തു.




