ദമാം: സാമ്പത്തിക ഇടപാട് കേസിൽ മൂന്നു വർഷമായി സഊദിയിൽ ജയിലിൽ കഴിഞ്ഞിരുന്ന മലയാളിക്ക് ഒടുവിൽ മോചനം. ആലപ്പുഴ തലവാടി സ്വദേശി ജേക്കബ് ഡേവിഡ് ആണ് ഗവൺമെന്റ് കാരുണ്യത്താൽ ജയിൽ മോചിതനായത്. ഇദ്ദേഹത്തിന്റെ പേരിലുള്ള വൻ പിഴ തുകസർക്കാർ തന്നെ നൽകിയതോടെയാണ് ഗവൺമെന്റ് കാരുണ്യത്താൽ മലയാളി സന്നദ്ധ പ്രവർത്തകന്റെ ഇടപെടലിനെ തുടർന്ന് ജയിൽ മോചനം സാധ്യമായത്.
ജുബൈലിലെ ഒരു ട്രാവൻ ഏജൻസിയിൽ ജോലി ചെയ്തുവരുന്നതിനിടെയാണ് സാമ്പത്തിക ഇടപാട് കേസിൽ ഇദ്ദേഹം ജയിലിലകപ്പെട്ടത്. വിചാരണ വേളയിൽ കുറ്റം സമ്മതിച്ചതോടെ മൂന്ന് മാസത്തെ ജയിൽ ശിക്ഷയും ഒരു ലക്ഷത്തോളം റിയാൽ പിഴ യും കോടതി വിധിച്ചു. ഭീമമായ ഈ തുക തുക അടക്കാൻ കഴിയാത്തതിനാൽ ജയിൽ ജീവിതം തുടരുന്നതിനിടയിലാണ് സന്നദ്ധ പ്രവർത്തകൻ സൈഫുദീൻ പൊറ്റശ്ശേരി പ്രശ്നത്തിൽ ഇടപെടുകയും സ്പോൺസറുമായി സംസാരിച്ച് ഒത്തുതീർപ്പിന് ശ്രമിക്കുകയും ചെയ്തത്. എന്നാൽ, പണത്തിന്റെ കാര്യത്തിൽ സ്പോൺസർ വിട്ടുവീഴ്ചക്ക് തയാറായില്ലെങ്കിലും ജേക്കബിന്റെയും കുടുംബത്തിന്റെയും പാസ്പോർട്ടുകളും മറ്റു രേഖകളും തിരികെ നൽകി. ഇതോടെ എക്‌സിറ്റ് വാങ്ങി കുടുംബത്തെ നാട്ടിലേക്ക് കയറ്റി വിട്ടു.
ഇതേ സമയം തന്നെ പണം തിരിച്ചടക്കാനുള്ള കഷ്ടപ്പാട് വിവരിച്ച് ജേക്കബിനെ കൊണ്ട് സർക്കാറിൽ അപേക്ഷ യും നൽകി. ജയിൽ അധികൃതരും വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തു. ജേക്കബിന്റെ പിഴ തുക അനുവദിച്ചു കൊണ്ടുള്ള സർക്കാർ ചെക്ക് കഴിഞ്ഞണ് ദിവസം ജയിലിൽ എത്തിയതോടെ മോചനം സാധ്യമാകുകയായിരുന്നു. ഞായറാഴ്ച ജയിൽ മോചിതനാവുന്ന ജേക്കബ് താമസിയാതെ തന്നെ നാട്ടിലേക്ക് തിരിക്കും.




