ജിദ്ദ: ദിനേനയെന്നോണം ആയിരകണക്കിന് രോഗികൾ ആശ്രയിക്കുന്ന തിരൂരങ്ങാടി താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയർത്തണമെന്ന് ‘ദയ ചാരിറ്റി സെന്റർ’ ജിദ്ദാ ചാപ്റ്റർ ആവശ്യപ്പെട്ടു.
താലൂക്ക് ആശുപത്രിയിലെ വിദഗ്ദ ചികിത്സാ വിഭാഗങ്ങളുടെ അപര്യാപ്തത മൂലം പലപ്പോഴും സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ട ഗതികേടിലാണ് പ്രദേശത്തെ പാവപ്പെട്ട രോഗികൾ.
ജില്ലാ ആശുപത്രിയായി ഉയർത്തുന്നതോടെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും യോഗം പ്രത്യാശിച്ചു.
വിവാദ ഉത്തരവിലൂടെ താലൂക്ക് ആശുപത്രിയിൽ നിന്നും സ്ഥലം മാറ്റിയ ഓക്സിജൻ സിലിണ്ടറുകൾ തിരിച്ചെത്തിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടപ്പോൾ നിയമ പോരാട്ടത്തിലൂടെ ഹൈക്കോടതി ഇടപെടൽ സാധ്യമാക്കിയ തിരൂരങ്ങാടി എം എൽ എ കെ പി എ മജീദിനെ യോഗം അഭിനന്ദിച്ചു.
ബലദ് ഹോളിഡേയ്‌സ് റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ സക്കീർ കുന്നുമ്മൽ അധ്യക്ഷത വഹിച്ചു.
ദയ ചാരിറ്റി സെന്റർ രക്ഷാധികാരി താപ്പി അബ്ദുള്ളക്കുട്ടി ഹാജി യോഗം ഉദ്‌ഘാടനം ചെയ്തു. അബ്ദുസ്സമദ് പൊറ്റയിൽ, എൻ. പി മുഹമ്മദ് റഫീഖ്, അബ്ദുസ്സമദ് കടവത്ത്, സി. വി മെഹ്ബൂബ്, എം. പി നൗഹീദ്, സി. വി മുജീബ് , പിഎം അഷ്‌റഫ് ബാവ എന്നിവർ പ്രസംഗിച്ചു.
മജീദ് പുകയൂർ സ്വാഗതവും മുഹമ്മദ് റഫീഖ് കൂളത്ത് നന്ദിയും പറഞ്ഞു.